ന്യൂഡല്‍ഹി : 1983ൽ നടന്ന ബലാത്സംഗ കൊലയിൽ 40 വർഷത്തിന് ശേഷം കസ്റ്റഡിയിലെടുത്ത 75 കാരന് ജാമ്യമനുവദിച്ച് സുപ്രീം കോടതി. വിചാരണ പൂർത്തിയാകാൻ 40 വർഷമെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ കൂടിയായ പ്രതിക്ക് കോടതി ജാമ്യം നൽകിയത് (Unusual Bail Of Supreme Court- 75 Year Old Rape Murder Convict Get Bail). 40 വർഷത്തോളം ജാമ്യത്തിലായിരുന്ന പ്രതിയെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് കസ്റ്റഡിയിലെടുത്തത്. ഏപ്രിലിൽ അറസ്റ്റിലായതിനുപിന്നാലെ മെയ് 17 ന് നൽകിയ ജാമ്യാപേക്ഷ കൽക്കട്ട ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ ഇയാൾ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ജാമ്യ ഹർജിയിൽ വിധി പറഞ്ഞത്. ഈ കേസിനൊരു പ്രത്യേകതയുണ്ടെന്നും വിചാരണ പൂർത്തിയാകാൻ 40 വർഷമെടുത്തെന്നും ജാമ്യമനുവദിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. "വിചാരണ തീരാനുള്ള കാലതാമസം കണക്കിലെടുത്തും, സംഭവം 1983 വർഷത്തിലാണെന്നതും പ്രതിയുടെ ഇപ്പോഴത്തെ പ്രായവും കണക്കിലെടുത്ത് അയാള്‍ക്ക് ജാമ്യം തുടരാൻ അർഹതയുണ്ട്" - കോടതി പറഞ്ഞു.
സാധാരണഗതിയിൽ സുപ്രീം കോടതിക്ക് മറ്റൊരു കോടതിയിൽ കേസ് തീർപ്പാക്കാനെടുക്കുന്ന സമയക്രമത്തെ സംബന്ധിച്ച് നിർദ്ദേശം നൽകാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. “എന്നിരുന്നാലും, ഈ കേസിന് ഒരു പ്രത്യേക സവിശേഷതയുണ്ട്, വിചാരണ അവസാനിക്കാൻ നാൽപ്പത് വർഷമെടുത്തു. അതിനാൽ നിയമാനുസൃതമായി അപ്പീൽ തീർപ്പാക്കുന്നതിന് മുൻഗണന നൽകണമെന്ന് ഞങ്ങൾ ഹൈക്കോടതിയോട് അഭ്യർഥിക്കുന്നു” - സുപ്രീം കോടതി സെപ്റ്റംബര്‍ 25 ന് പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി.