'മേപ്പടിയാന്' (Meppadiyan) ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇടംപിടിച്ചതില്‍ സന്തോഷവും നന്ദിയും അറിയിച്ച് വികാര നിര്‍ഭര കുറിപ്പുമായി ഉണ്ണി മുകുന്ദന്‍ (Unni Mukundan). 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ (National Film Award) മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് 'മേപ്പടിയാന്‍' സംവിധായകന്‍ വിഷ്‌ണു മോഹന് (Vishnu Mohan) ലഭിച്ചിരുന്നു.
ഉണ്ണി മുകുന്ദന്‍ ആണ് 'മേപ്പടിയാനി'ലെ നായകനും നിര്‍മാതാവും. ഇപ്പോഴിതാ ഈ പുരസ്‌കാര തിളക്കത്തില്‍ 'മേപ്പടിയാന്‍' സിനിമയ്‌ക്ക് പിന്നിലുള്ള പരിശ്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദന്‍. ഭഗവാന്‍ അയ്യപ്പനും 'മേപ്പടിയാന്‍' ടീമിനും നന്ദി രേഖപ്പെടുത്തികൊണ്ട് വളരെ വികാര നിര്‍ഭരമായ നീണ്ട കുറിപ്പാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് നോക്കാം -
'എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും എല്ലാവർക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു!
എന്‍റെ പ്രൊഡക്ഷൻ ഹൗസായ ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ (യുഎംഎഫ്) ആദ്യ സിനിമയിലൂടെ വിഷ്‌ണു മോഹൻ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി.
അഭിനന്ദനങ്ങൾ, വിഷ്‌ണു. ഇന്ന് നീ ദേശീയ അവാർഡ് നേടിയ ഒരു സംവിധായകനാണ്. നിന്നെ കുറിച്ച് എനിക്ക് വളരെ അഭിമാനം ഉണ്ട്. നിന്നെ മലയാള സിനിമയ്‌ക്ക് മുന്നിൽ അവതരിപ്പിച്ചതിൽ ഉണ്ണി മുകുന്ദന്‍ പ്രൊഡക്ഷന്‍ ഹൗസും അഭിമാനിക്കുന്നു. നിന്നിൽ നിന്നും ഇനിയും നിരവധി മികച്ച സിനിമകൾ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
നിങ്ങൾക്ക് ഇത് വായിക്കുന്നത് തുടരാം, അല്ലെങ്കിൽ ഒഴിവാക്കാം. എന്നാൽ ഇവിടെയാണ് എന്‍റെ ഹൃദയം. ജീവിതത്തിലെ പോരാട്ടങ്ങളെ കുറിച്ച് സംസാരിക്കാൻ ഞാൻ പൊതുവെ ഇഷ്‌ടപ്പെടുന്നില്ല. എന്നാൽ ഇന്ന് ഞാൻ വികാരാധീതനാണ്. ഞാൻ നിങ്ങൾക്കായി എന്‍റെ ഹൃദയം തുറക്കും.
മേപ്പാടിയാൻ ഒരിക്കലും എളുപ്പം ആയിരുന്നില്ല. ചില വിചിത്രമായ കാരണങ്ങളാൽ, ഈ പ്രോജക്‌ട് ഒരിക്കലും ആരംഭിച്ചിരുന്നില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ വെല്ലുവിളി ഉയര്‍ത്തുന്ന എന്തെങ്കിലും ചെയ്യണമെന്ന് കരുതിയിരുന്നപ്പോള്‍ ഞാൻ വായിച്ച എന്‍റെ 800-ാമത്തെ വ്യത്യസ്‌തമായ സ്ക്രിപ്റ്റ് ആയിരിന്നു ഇത്.
തുടക്കത്തിൽ, മേപ്പടിയാനെ പിന്തുണച്ച വളരെ മികച്ച ഒരു പ്രൊഡക്ഷൻ ഹൗസ് ഞങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, ചില വ്യക്തിപരമായ കാരണങ്ങളാൽ അവർക്ക് പിന്മാറേണ്ടി വന്നു. ഞങ്ങളെ ഒന്നര വർഷത്തേക്ക് വലിച്ചിഴച്ച ഒരു മാന്യൻ ഞങ്ങൾക്ക് ഉണ്ടായിരുന്നു.
അപ്പോഴേക്കും എനിക്ക് 20 കിലോ ഭാരം കൂടി. സമ്മര്‍ദം കൂടി. ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് നിർമാതാവ് പിൻവാങ്ങിയത്. ഈ പ്രോജക്‌ട് തുടങ്ങാനുള്ള ഞങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും പ്രതീക്ഷകളും തകർന്നു. വിഷ്‌ണു ബോധരഹിതനായി നിലത്തു വീണു.
ആ നിമിഷം, ലോകത്തെ നടുക്കിയ പകർച്ചവ്യാധികൾക്കിടയിൽ ഞാൻ സ്വന്തമായി ഒരു നിർമാണ കമ്പനി ആരംഭിക്കാൻ തീരുമാനിച്ചു. ലോക്ക്ഡൗണില്‍ ലോകം മുഴുവൻ നിശ്ചലമായി. ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. ഫണ്ടിങ് എവിടെ നിന്ന് ലഭിക്കുമെന്ന് അറിയാതെ ബുദ്ധിമുട്ടി. എന്‍റെ വീട് പണയം വയ്ക്കാനും കയ്യിലുള്ള പണം ഉപയോഗിച്ച് സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാനും ഞാൻ തീരുമാനിച്ചു.
ഇത് മുന്നോട്ട് പോകുന്നില്ലെങ്കിൽ ഇതോടെ എല്ലാം അവസാനിക്കുമെന്ന് ഞാന്‍ എന്‍റെ മാതാപിതാക്കളോട് പറഞ്ഞു. അവര്‍ എനിക്കൊപ്പം നിന്നു. എനിക്ക് ആവശ്യമായ ശക്തിയും ധൈര്യവും അവര്‍ നൽകി. എന്തുകൊണ്ടാണ് അവർ എന്നെ ഇത്രയധികം വിശ്വസിക്കുന്നതെന്ന് ഞാൻ ഇപ്പോഴും അത്ഭുതപ്പെടുന്നു.
ഈ സിനിമ ആരംഭിക്കാനായി ഞാന്‍ അനുഭവിച്ച കഷ്‌ടപ്പാടുകൾ എന്താല്ലാം ആയിരുന്നുവെന്ന് വിഷ്‌ണുവിന് അറിയാമായിരുന്നു. ഞങ്ങൾ സിനിമ ചിത്രീകരിച്ച് അത് പൂർത്തിയാക്കാൻ തീരുമാനിച്ചു. അവിസ്‌മരണീയമായ ഒരു അനുഭവം ആയിരുന്നു. ഞങ്ങൾ ഒരു സാറ്റലൈറ്റ് ചാനലുമായി പ്രീ റിലീസ് ബിസിനസ് ഇടപാടിൽ പങ്കുചേർന്നു. എല്ലാം തീര്‍ത്തും പ്രതീക്ഷ നൽകുന്നതായിരുന്നു. സിനിമ മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
റിലീസിന് ഒരാഴ്‌ച മുമ്പ് ഒരു ഇഡി റെയ്‌ഡ് ഉണ്ടായി. (അതിന്‍റെ വിശദാംശങ്ങൾ എന്നെങ്കിലും ഞാൻ തീർച്ചയായും പുറത്തുവിടും). സിനിമയുടെ റിലീസ് സമ്മർദത്തിലാവുകയും ചെയ്‌തു. സാറ്റലൈറ്റ് ചാനൽ പിന്‍മാറി. ഒടിടി ഡീല്‍ നിർത്തിവച്ചു. നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയം ആയിരുന്നു അത്. ചില പ്രധാന സിനിമകൾ അവയുടെ റിലീസ് റദ്ദാക്കി. ആളുകൾ തിയേറ്ററുകളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു. മിക്ക സിനിമ റിലീസുകളും ഒടിടി ചാനലുകളിലേക്ക് മാറി.
എന്നെ സംബന്ധിച്ചിടത്തോളം ഈ ചിത്രം തിയേറ്ററുകളിൽ മാത്രമായിരിക്കും റിലീസ് ചെയ്യുക. 2012 ജനുവരി 14ന് ഞാൻ ഒരു അഭിനേതാവായി എന്‍റെ കരിയര്‍ യാത്ര ആരംഭിച്ചു. 2020 ജനുവരി 14ന് ഞാൻ നിർമാതാവായി എന്‍റെ യാത്ര ആരംഭിക്കാൻ പോവുകയായിരുന്നു. ജീവിതം പൂർണ വൃത്തത്തിലെത്തി, എല്ലാം ഏതാണ്ട് അവസാനിക്കുന്നതായി തോന്നി.
മേപ്പടിയാൻ തിയേറ്ററുകളിൽ എത്തി. തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചു. കുടുംബ പ്രേക്ഷകരും തിയേറ്ററുകളിലേയ്‌ക്ക് ഒഴുകിയെത്തി. എഴുതുകയും പറയുകയും ചെയ്‌ത ഓരോ ഫീഡ്‌ബാക്കും ഞാൻ വ്യക്തമായി ഓർക്കുന്നുണ്ട്.