കേരളം

kerala

ETV Bharat / bharat

ഏകീകൃത സിവിൽ കോഡ് ഉടൻ; ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിച്ച് ഉത്തരാഖണ്ഡ്

ഗോവയ്ക്ക് ശേഷം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറുകയാണ് ഇതോടെ ഉത്തരാഖണ്ഡ്.

Uttarakhand Government constitutes draft committee  Uniform Civil Code in uttarakhand  ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ്  ഏകീകൃത സിവിൽ കോഡ് ഡ്രാഫ്റ്റ് കമ്മിറ്റി പുഷ്‌കർ സിങ് ധാമി
ഏകീകൃത സിവിൽ കോഡ് ഉടൻ; ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിച്ച് ഉത്തരാഖണ്ഡ്

By

Published : May 28, 2022, 10:06 AM IST

ഡെറാഡൂൺ:ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ നടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ. ഇതിനായി കരട് തയാറാക്കുന്നതിനായി ഉത്തരാഖണ്ഡ് സർക്കാർ ഡ്രാഫ്റ്റ് കമ്മിറ്റിക്ക് രൂപം നൽകി. ഉത്തരാഖണ്ഡിന്‍റെ സംസ്‌കാരം സംരക്ഷിക്കുന്നതിനും എല്ലാ മതവിഭാഗങ്ങൾക്കും തുല്യത നൽകുന്നതിനും ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കുന്നത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ട്വിറ്ററിൽ കുറിച്ചു. ഗോവയ്ക്ക് ശേഷം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറുകയാണ് ഇതോടെ ഉത്തരാഖണ്ഡ്.

സിവിൽ കോഡിനായി ഡ്രാഫ്റ്റ് കമ്മിറ്റി: റിട്ടയേർഡ് സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ആണ് അഞ്ചംഗ ഡ്രാഫ്റ്റ് കമ്മിറ്റിയുടെ ചെയർമാൻ. ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് പ്രമോദ് കോലി, മുൻ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ശത്രുഘ്‌നൻ സിങ് ഐഎഎസ്, ഡൂൺ സർവകലാശാല വൈസ് ചാൻസലർ സുരേഖ ദംഗ്‌വാൾ, സാമൂഹിക പ്രവർത്തകനായ മനു ഗൗർ എന്നിവരാണ് ഡ്രാഫ്റ്റ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ജാതി-മത-വര്‍ഗ വ്യത്യാസമില്ലാതെ രാജ്യത്തെ ഏത് പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമനിർമാണമാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുദ്ദേശിക്കുന്നത്.

ആദ്യ മന്ത്രിസഭ യോഗത്തിൽ തീരുമാനം:ധാമി സർക്കാർ വീണ്ടും തെരഞ്ഞെടുക്കപ്പട്ട ശേഷം 2022 മാർച്ച് 24ന് നടന്ന ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ വിദഗ്ധ സമിതി രൂപീകരിക്കാനുള്ള തീരുമാനമെടുത്തിരുന്നു. സഭാംഗങ്ങൾ ഏകകണ്‌ഠമായാണ് തീരുമാനമെടുത്തത്. ഉത്തരാഖണ്ഡിന്റെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും ഉത്തരാഖണ്ഡിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്ന് ധാമി പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്മാർക്കും ഏകീകൃത സിവിൽ കോഡ് എന്ന ആശയം പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 നടപ്പാക്കുന്നതിനുള്ള ചുവടുവയ്പ്പ് കൂടിയാകും വ്യക്തിനിയമം നടപ്പാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്താണ് ഏകീകൃത വ്യക്തിനിയമം?: ജാതി-മത-വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥയാണ് ഏകീകൃത സിവിൽ കോഡ്. ഇത് പ്രകാരം സംസ്ഥാനത്ത് വസിക്കുന്ന ജനങ്ങൾക്ക് ഏകീകൃത നിയമത്തിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരം മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു സമുദായത്തിനും പ്രത്യേക ആനുകൂല്യം ലഭിക്കില്ല.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, സംസ്ഥാനത്ത് താമസിക്കുന്ന ഓരോ വ്യക്തിക്കും ഒരു നിയമം മാത്രം ബാധകമാകുകയും വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങൾ അവസാനിക്കുകയും ചെയ്യും. നിലവിൽ, മുസ്‌ലിം വ്യക്തിനിയമം, ക്രിസ്ത്യൻ വ്യക്തിനിയമം, പാഴ്സി വ്യക്തിനിയമം എന്നിവയാണ് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങൾ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതോടെ ഇത് അവസാനിക്കും. ഇതോടെ വിവാഹം, വിവാഹമോചനം, സ്വത്ത് എന്നിവയുടെ കാര്യത്തിൽ ഒരു നിയമം വരും.

ബിജെപിയുടെ അജണ്ടകളിൽ ഒന്നായിരുന്നു രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കുക എന്നത്. 1989ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി ആദ്യമായി തങ്ങളുടെ പ്രകടനപത്രികയിൽ ഏകീകൃത സിവിൽ കോഡ് വിഷയം ഉൾപ്പെടുത്തിയിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പ്രകടന പത്രികയിലും വ്യക്തിനിയമം ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details