ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് മതസംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ആരാഞ്ഞ് ദേശീയ നിയമ കമ്മിഷന്‍. സിവില്‍ കോഡിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ 30 ദിവസത്തിനകം കമ്മിഷന്‍റെ വെബ്‌സൈറ്റ് വഴിയോ ഇ മെയില്‍ മുഖേനയോ സമര്‍പ്പിക്കാനാണ് നിര്‍ദേശം. 22-ാമത് നിയമ കമ്മിഷനാണ് നിലവില്‍ സിവില്‍ കോഡുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ആരാഞ്ഞിരിക്കുന്നത്.
നേരത്തെ 21-ാമത് നിയമ കമ്മിഷന്‍ സിവില്‍ കോഡിനെ കുറിച്ചുള്ള വിഷയം പരിശോധിക്കുകയും അഭിപ്രായം തേടുകയും ചെയ്‌തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2018ല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് വര്‍ഷത്തിലേറെ ആയ സാഹചര്യത്തിലും സിവില്‍ കോഡ് സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലുമാണ് 22-ാമത് നിയമ കമ്മിഷന്‍ നിലവില്‍ അഭിപ്രായം തേടുന്നത്.
വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേ നിയമം ബാധകമാക്കുക എന്നതാണ് ഏകീകൃത സിവില്‍ കോഡിന് പിന്നിലെ ലക്ഷ്യം. വിവാഹം പോലുള്ള വ്യക്തിപരമായ പല വിഷയങ്ങളിലും മതനിയമമാണ് പിന്തുടരുന്നത്. നിലവില്‍ ഗോവയില്‍ മാത്രമാണ് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നിലനില്‍ക്കുന്നത്. പോര്‍ച്ചുഗീസ് സിവില്‍ കോഡാണ് ഗോവ പിന്തുടര്‍ന്ന് പോരുന്നത്.
അതേസമയം, പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പായി രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന തരത്തില്‍ ബിജെപിയും പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് വിഷയത്തില്‍ നിയമ കമ്മിഷന്‍ പൊതുജനങ്ങളില്‍ നിന്നും മത സംഘടനകളില്‍ നിന്നും അഭിപ്രായം തേടുന്നത്.
പ്രഖ്യാപനം മുതല്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച വിഷയമാണ് ഏകീകൃത സിവില്‍ കോഡ്. അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അടക്കമുള്ള സംഘടനകള്‍ സിവില്‍ കോഡിനെതിരെ രംഗത്തുവരികയുണ്ടായി. ഏകീകൃത സിവില്‍ കോഡ് എന്ന ആശയം രാജ്യത്തിന്‍റെ വൈവിധ്യത്തെ തകര്‍ക്കും എന്നും നിയമം വഴി അതിന് ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വിശദമാക്കിയിരുന്നു.
തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസും ശക്തമായ എതിര്‍പ്പാണ് സിവില്‍ കോഡിന് നേരെ ഉന്നയിച്ചത്. വോട്ടിന് ക്ഷാമം ഉള്ള സംസ്ഥാനങ്ങളില്‍ മതം പറഞ്ഞ് ബിജെപി വോട്ട് നേടുന്നു എന്ന തരത്തിലടക്കം കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. 2016ലാണ് ഒന്നാം മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പഠിക്കാന്‍ നിയമ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് 21-ാം കമ്മിഷന്‍ 2018ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Also Read:വോട്ടിന് ക്ഷാമമുള്ളയിടത്ത് 'മതം പറഞ്ഞ്' എത്തും; ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി