ന്യൂഡല്‍ഹി: റഷ്യ - യുക്രൈന്‍ യുദ്ധം ഭീതി സൃഷ്ടിക്കുന്നതിനിടെ ആശ്വാസ വാക്കുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. യുക്രൈനില്‍ കുടുങ്ങിയ 7400 ഇന്ത്യക്കാരെ രണ്ട് ദിവസത്തിനകം തിരികെയെത്തിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, വിസ്താര, ഗോ ഫസ്റ്റ് എന്നീ ഇന്ത്യൻ വിമാനക്കമ്പനികൾ ചേര്‍ന്ന് 17 സര്‍വീസുകളാണ് നടത്തുക.
ഫെബ്രുവരി 24 മുതൽ യുക്രേനിയൻ വ്യോമാതിർത്തി അടച്ചതിനാൽ പടിഞ്ഞാറൻ അയൽരാജ്യങ്ങളായ റൊമേനിയ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ പ്രത്യേക വിമാനങ്ങൾ വഴി പൗരന്മാരെ ഒഴിപ്പിക്കുന്നുണ്ട്. “സിവിലിയൻ വിമാനങ്ങളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കുകയാണ്, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 7,400 ൽ അധികം ആളുകളെ പ്രത്യേക വിമാനങ്ങൾ വഴി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു” മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.