ന്യൂഡൽഹി : രാജ്യത്തെ എൻജിനീയറിങ്, മെഡിക്കൽ എൻട്രൻസ്, കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) എന്നിവ സമന്വയിപ്പിക്കാനുള്ള നീക്കവുമായി യുജിസി. ഈ വർഷം ആരംഭിച്ച സിയുഇടി പരീക്ഷയ്ക്ക് ആദ്യ വർഷം തന്നെ പത്ത് ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. എൻജിനീയറിങ്ങും മെഡിക്കൽ വിദ്യാഭ്യാസവും ഇതേ പരിധിയിൽ കൊണ്ടുവരാൻ കഴിയുമോ എന്നാണ് വിദഗ്‌ധർ ആലോചിക്കുന്നത്. അതിനായി പുതിയ നയം രൂപീകരിക്കാൻ ഉടൻ വിദഗ്‌ധ സമിതി രൂപീകരിക്കും.
മൂന്ന് പരീക്ഷകളും ഒരുമിച്ചാക്കിയാൽ കൂടുതൽ കാര്യക്ഷമമായി പരീക്ഷ നടത്താൻ എൻടിഎയ്ക്ക് കഴിയുമെന്ന് യുജിസി ചെയർമാൻ എം.ജഗദീഷ് കുമാർ ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ഏതെങ്കിലുമൊരു കോഴ്‌സ് തെരഞ്ഞെടുക്കാം. ഇതിനുവേണ്ടിയാണ് പുതിയ നയം കൊണ്ടുവരാൻ പോകുന്നത്. ഈ ആശയം ചർച്ച ചെയ്യാനായി കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് ആലോചനയിലാണെന്നും ജഗദീഷ് കുമാർ പറഞ്ഞു.
പരീക്ഷ പാറ്റേണിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് ?
ജഗദീഷ് കുമാർ : നിലവിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പേപ്പറുകളാണ് നീറ്റ് വിദ്യാർഥികൾ എഴുതുന്നത്. ജെഇഇ വിദ്യാർഥികൾ ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിവ എഴുതുന്നു. സിയുഇടി പരീക്ഷയ്ക്കിരിക്കുന്ന വിദ്യാർഥികൾ ഈ വിഷയങ്ങൾക്കൊപ്പം 61 വ്യത്യസ്‌ത വിഷയങ്ങളും എഴുതുന്നു. എൻസിഇആർടി സിലബസ് അടിസ്ഥാനമാക്കി സിയുഇടി പരീക്ഷ മാത്രം നടത്തിയാൽ അത് വിദ്യാർഥികൾക്ക് എളുപ്പമാകുമെന്ന് കരുതുന്നു. പരീക്ഷ പൂർത്തിയായി കഴിയുമ്പോൾ നീറ്റ് പ്രവേശനം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ ലഭിച്ച മാർക്ക് മാത്രം കണക്കിലെടുത്ത് സീറ്റുകൾ നൽകും.
അതുപോലെ, എൻജിനീയറിങ് കോഴ്‌സുകൾക്ക് ഗണിതം, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ വിദ്യാർഥികൾ നേടിയ മാർക്ക് മാത്രമേ പരിഗണിക്കൂ. എൻജിനീയറിങ്, മെഡിസിൻ എന്നിവയിൽ സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് മറ്റ് പൊതു സർവകലാശാലകളിൽ ഇഷ്‌ടമുള്ള കോഴ്‌സുകളിൽ ചേരാം.
സമന്വയിപ്പിക്കുന്നതിനുള്ള ആശയം എങ്ങനെ ഉരുത്തിരിഞ്ഞു ?
ജഗദീഷ് കുമാർ : സിയുഇടി നിലവിൽ വന്നതിന് ശേഷം രാജ്യത്ത് മൂന്ന് പരീക്ഷകളാണ് നിലവിലുള്ളത്. മിക്ക വിദ്യാർഥികളും മൂന്ന് പരീക്ഷയും എഴുതുന്നവരാണ്. അപ്പോഴാണ് വിദ്യാർഥികൾ എന്തിനാണ് മൂന്ന് പരീക്ഷയും എഴുതുന്നത് എന്ന ചോദ്യം ഉയര്‍ന്നത്.
എന്തൊക്കെയാണ് അതിന്റെ ഗുണങ്ങൾ ?
ജഗദീഷ് കുമാർ : വിദ്യാർഥികൾക്ക് ഒന്നിലധികം പരീക്ഷ എഴുതുന്നതിൽ നിന്ന് മുക്തി നേടാനും ഒരു പരീക്ഷയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും. 12-ാം ക്ലാസിൽ പഠിച്ച വിഷയങ്ങളിൽ മാത്രമാകും പരീക്ഷ നടക്കുക.