കേരളം

kerala

ETV Bharat / bharat

ദ്രാവിഡ മുന്നേറ്റത്തിലെ ഉദയ സൂര്യനായി ഉദയനിധി സ്റ്റാലിൻ, അവസാനിക്കാത്ത കുടുംബാധിപത്യമെന്ന് ആക്ഷേപം - കരുണാനിധി

നടനും സിനിമ നിർമാതാവും കൂടിയായ ഉദയനിധി സ്റ്റാലിൻ ഇന്ന് (14.12.22) എംകെ സ്റ്റാലിൻ മന്ത്രിസഭയിലെ കായിക മന്ത്രിയായി അധികാരമേറ്റതോടെ മക്കൾ രാഷ്ട്രീയവും പാർട്ടിയിലെ കുടംബാധിപത്യവും തമിഴകത്ത് വീണ്ടും ചർച്ചയാകുകയാണ്.

Udhayanidhi Stalin
ദ്രാവിഡ മുന്നേറ്റത്തിലെ ഉദയ സൂര്യനായി ഉദയനിധി സ്റ്റാലിൻ

By

Published : Dec 14, 2022, 4:35 PM IST

ദ്രാവിഡ മുന്നേറ്റത്തിലെ ഉദയ സൂര്യനായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ:ഉദയസൂര്യനാണ് ദ്രാവിഡ മുന്നേറ്റ കഴകം എന്ന ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നം. ദ്രാവിഡ മുന്നേറ്റം ലക്ഷ്യമിട്ട് സിഎൻ അണ്ണാദുരൈ സ്ഥാപിച്ച് എം കരുണാനിധി വളർത്തി വലുതാക്കിയ ഡിഎംകെയാണ് തമിഴ്‌നാട്ടില്‍ ഇപ്പോൾ അധികാരത്തിലുള്ളത്. ഇപ്പോൾ കരുണാനിധിയില്ല. മകൻ എംകെ സ്റ്റാലിനാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെയുടെ തലവനും. മകൻ ഉദയനിധി സ്റ്റാലിൻ ഡിഎംകെയുടെ യുവജന വിഭാഗത്തിന്‍റെ തലവനും ചെപ്പോക്കില്‍ നിന്നുള്ള എംഎല്‍എയാണ്.

ഉദിച്ചുയർന്ന് ഉദയനിധി: സ്റ്റാലിൻ സർക്കാർ അധികാരമേല്‍ക്കുമ്പോൾ മകൻ ഉദയനിധിയുടെ മന്ത്രിസഭ പ്രവേശനം ചർച്ചയായിരുന്നു. എന്നാല്‍ ഉദയനിധിയെ മന്ത്രിസഭയിലേക്ക് സ്റ്റാലിൻ പരിഗണിച്ചില്ല. പാർട്ടിയില്‍ കുടുംബാധിപത്യത്തിന് താൻ എതിരാണെന്ന നിലപാടാണ് തെരഞ്ഞെടുപ്പിന് മുൻപ് വരെ സ്റ്റാലിൻ തുടർന്നുവന്നത്. എന്നാല്‍ നടനും സിനിമ നിർമാതാവും കൂടിയായ ഉദയനിധി സ്റ്റാലിൻ ഇന്ന് (14.12.22) സ്റ്റാലിൻ മന്ത്രിസഭയിലെ കായിക മന്ത്രിയായി അധികാരമേറ്റതോടെ മക്കൾ രാഷ്ട്രീയവും പാർട്ടിയിലെ കുടംബാധിപത്യവും തമിഴകത്ത് വീണ്ടും ചർച്ചയാകുകയാണ്. സ്റ്റാലിൻ സർക്കാർ അധികാരമേറ്റ് ഒന്നരവർഷം പിന്നിടുമ്പോഴാണ് ഉദയനിധിയുടെ മന്ത്രിസഭ പ്രവേശനം. യുവജനക്ഷേമവും കായിക വികസനവുമാണ് നാല്‍പത്തയഞ്ചുകാരനായ ഉദയനിധിയുടെ വകുപ്പുകൾ.

ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി സ്റ്റാലിൻ: ചെന്നൈ മേയറും ഏഴ് തവണ എംഎല്‍എയും കരുണാനിധിയുടെ നിഴലുമായിരുന്ന സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായപ്പോൾ നയതീരുമാനങ്ങളിലും ഭരണനിർവഹണത്തിലും സാധാരണക്കാരുടെ വിഷയങ്ങളിലെ ഇടപെടലും ഒക്കെയായി എതിരാളികളെ പോലും ഞെട്ടിച്ചുകഴിഞ്ഞു. ദ്രാവിഡ മോഡല്‍ എന്ന പേരില്‍ കേന്ദ്ര സർക്കാർ നയങ്ങളോട് നേരിട്ട് ഏറ്റുമുട്ടിയും തമിഴ്‌ സംസ്‌കാരം ഉയർത്തിപ്പിടിച്ചും സ്റ്റാലിൻ നടപ്പാക്കുന്ന ഭരണ തീരുമാനങ്ങളോട് പാർട്ടിയില്‍ മാത്രമല്ല എതിർപക്ഷത്ത് പോലും ഭിന്നാഭിപ്രായമില്ല. അതുകൊണ്ടുകൊണ്ട് തന്നെ പ്രതിപക്ഷത്തിരുന്നപ്പോൾ സ്റ്റാലിൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തെ തിരിഞ്ഞുകൊത്തില്ല എന്ന് കരുതാം.

" എന്‍റെ കുടുംബത്തില്‍ നിന്ന് ആരും അധികാരത്തിലേക്കും മന്ത്രിസഭയിലേക്കും വരില്ല. കുടുംബാധിപത്യം ജനാധിപത്യത്തിന് ഭൂഷണവുമല്ല'. ഈ വാക്കുകൾ ഒരു പക്ഷേ സ്റ്റാലിനും ഡിഎംകെയും ഇപ്പോൾ മറന്നിട്ടുണ്ടാകും. പ്രതിപക്ഷമായ എഐഎഡിഎംകെ കുടുംബാധിപത്യത്തിന് എതിരെ സംസാരിക്കാൻ ആഗ്രഹിക്കുന്നുമുണ്ടാകില്ല. പക്ഷേ തമിഴ്‌നാട്ടില്‍ പ്രധാന പ്രതിപക്ഷമായി വളരാൻ ശ്രമിക്കുന്ന ബിജെപി അത് രാഷ്ട്രീയമായി ഉപയോഗിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ഡിഎംകെയിലെ കുടുംബാധിപത്യത്തിന്‍റെ പുതിയ നാളുകളാണ് ഇനി വരാൻ പോകുന്നത് എന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് നാരായൺ തിരുപ്പാട്ടി പറഞ്ഞത്. രാജകുമാരൻ ഇന്ന് കാബിനറ്റ് മന്ത്രിയായിരിക്കുന്നു, നാളെ അയാളാകും രാജാവ്... ജനങ്ങളോട് ഒന്ന് പറയുകയും ഭരണത്തിലും പാർട്ടിയിലും മറ്റൊന്ന് നടപ്പാക്കുകയും ചെയ്യുകയാണ് സ്റ്റാലിൻ ചെയ്യുന്നതെന്നും ബിജെപി ആരോപിച്ചു. 2024 പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുൻപായി ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്നും 2026ലെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്നും എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ പറഞ്ഞുവെച്ചു.

ഡിഎംകെ നേതാക്കളുടെ മനസിലെന്ത്: മുതിർന്ന ഡിഎംകെ നേതാവും എംപിയുമായ ടിആർ ബാലുവിന്‍റെ മകനും എംഎല്‍എയുമായ ടിആർബി രാജ, മുതിർന്ന നേതാവ് ടികെഎസ് ഇളങ്കോവൻ, മന്ത്രി കെ പൊൻമുഡി അടക്കമുള്ളവർ ഉദയനിധിയുടെ മന്ത്രിസഭ പ്രവേശനത്തെ സ്വാഗതം ചെയ്‌തുകഴിഞ്ഞു. മുതിർന്ന നേതാക്കളും മന്ത്രിമാരുമായ ദുരൈമുരുകൻ, കെഎൻ നെഹ്‌റു, അൻബില്‍ മഹേഷ്, ഇവി വേലു, വി സെന്തില്‍ ബാലാജി എന്നിവരെല്ലാം ഉദയനിധിയുടെ മന്ത്രിസഭ പ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ആശംസകൾ അറിയിക്കുകയും ചെയ്‌തു. എന്നാല്‍ ഐ പെരിയസാമി, കെആർ പെരിയകറുപ്പൻ തുടങ്ങിയ മന്ത്രിമാർക്ക് വകുപ്പ് വിഭജനത്തില്‍ അതൃപ്‌തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അഭിനയം നിർത്തുമെന്ന് ഉദയനിധി: മന്ത്രിസഭ പ്രവേശനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഉദയനിധി സ്റ്റാലിൻ സിനിമ അഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു. 2023ല്‍ റിലീസിന് ഒരുങ്ങുന്ന മാരിസെല്‍വരാജ് ചിത്രമായ 'മാമന്നൻ' ആയിരിക്കും തന്‍റെ അവസാന ചിത്രമെന്നും ഉദയനിധി പറഞ്ഞു. തമിഴ്‌നാടിനെ ഇന്ത്യയിലെ ഏറ്റവും മികച്ച കായിക സംസ്ഥാനമാക്കി മാറ്റുകയാണ് തന്‍റെ ലക്ഷ്യമെന്നും സ്റ്റാലിന്‍റെ മകൻ വ്യക്തമാക്കി.

ABOUT THE AUTHOR

...view details