ഷെയിന്‍ നിഗം, നീരജ് മാധവ്, ആന്‍റണി വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ആക്ഷന്‍ ചിത്രം 'ആര്‍ഡിഎക്‌സി'ന് (റോബര്‍ട്ട് ഡോണി സേവ്യര്‍) അഭിനന്ദനങ്ങളുമായി നടനും തമിഴ്‌നാട് യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിന്‍ (Udhayanidhi Stalin). സോഷ്യല്‍ മീഡിയയിലൂടെയാണ് 'ആര്‍ഡിഎക്‌സി'നെ (RDX) അഭിനന്ദിച്ച് ഉദയനിധി സ്‌റ്റാലിന്‍ രംഗത്തെത്തിയത്. ഇന്ത്യയിലെ മികച്ച ആക്ഷന്‍ ചിത്രമാണ് 'ആര്‍ഡിഎക്‌സ്' എന്നാണ് ഉദയനിധി സ്‌റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'ആര്‍ഡിഎക്‌സ് മലയാളം സിനിമ! കൊള്ളാം! ഇന്ത്യയിലെ മികച്ച ആയോധന കല / ആക്ഷന്‍ സിനിമ! തിയേറ്ററില്‍ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്‌ക്കൂ... ആര്‍ഡിഎക്‌സ് ടീമിന് അഭിനന്ദനങ്ങള്‍' -ഉദയനിധി സ്‌റ്റാലിന്‍ കുറിച്ചു.
അതേസമയം ഉദയനിധി സ്‌റ്റാലിന് നന്ദി അറിയിച്ച് 'ആര്‍ഡിഎക്‌സ്' താരങ്ങളും രംഗത്തെത്തി. 'വളരെ നന്ദി സര്‍. ആര്‍ഡിഎക്‌സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.' -ഇപ്രകാരമാണ് നീരജ് മാധവിന്‍റെ പോസ്‌റ്റ്.
ഉദയനിധിയ്‌ക്ക് നന്ദി പറഞ്ഞ് ആന്‍റണി വര്‍ഗീസും രംഗത്തെത്തി. 'നന്ദി സര്‍' -എന്ന് കുറിച്ച് കൊണ്ട് ഉദയനിധിയുടെ പോസ്‌റ്റ് ആന്‍റണി വര്‍ഗീസ് തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചു. 'വളരെ നന്ദിയുണ്ട് സര്‍' -എന്ന് കുറിച്ച് കൊണ്ട് ഷെയിന്‍ നിഗവും രംഗത്തെത്തി. ഷെയിനും ഉദയനിധിയുടെ എഫ്‌ബി പോസ്‌റ്റ് ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ഓഗസ്‌റ്റ് 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആറ് ദിനം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രദര്‍ശന ദിനത്തില്‍ ഏകദേശം 1.25 കോടി രൂപയാണ് സിനിമ നേടിയത്. കഴിഞ്ഞ ദിവസം വരെ 14 കോടിയോളം രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്. അതേസമയം ലോകമെമ്പാടുമായി 24 കോടി രൂപയോളം 'ആര്‍ഡിഎക്‌സ്' ഇതുവരെ സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പറയുന്നത്.