ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും വിഷമദ്യ ദുരന്തം. രണ്ട് പേര്‍ മരിച്ചു. തഞ്ചാവൂര്‍ സ്വദേശികളായ വിവേക് (36), കുപ്പുസ്വാമി (68) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച 12 മണിയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി ബാര്‍ സീല്‍ ചെയ്‌തു.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ടിഎഎസ്‌എംഎസി (തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ലിമിറ്റഡ്) ബാറില്‍ മദ്യപിച്ചിരിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയും ഒരാള്‍ ചികിത്സക്കിടയിലും മരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോള്‍ ഇല്ലെന്ന് കണ്ടെത്തി. എന്നാല്‍ മദ്യത്തില്‍ സയനൈഡിന്‍റെ അംശം കലര്‍ന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് തഞ്ചാവൂര്‍ കലക്‌ടര്‍ ദിനേഷ് പൊന്‍ രാജ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
മരിച്ച വിവേകിന് ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിലും സംശയം നിലനില്‍ക്കുന്നുണ്ടെന്ന് തഞ്ചാവൂര്‍ എസ്‌പി ആശിഷ് റാവത്ത് പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിനൊടുവില്‍ ബാറുടമക്കെതിരെ കേസ് എടുക്കേണ്ടി വന്നാല്‍ അതുണ്ടാകുമെന്നും നിലവില്‍ ഐപിസി സെക്ഷന്‍ 174 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും എസ്‌പി ആശിഷ് റാവത്ത് വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ മദ്യ ദുരന്തം തുടര്‍ക്കഥയാകുന്നു: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടിലെ വില്ലുപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ സമാന സംഭവമുണ്ടായത്. 20ല്‍ അധികം പേരാണ് വിഷമദ്യം കഴിച്ച് മരിച്ചത്. 55 ലധികം പേര്‍ മദ്യം കഴിച്ച് ചികിത്സ തേടി. സംഭവത്തില്‍ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.