ശ്രീനഗർ: ജമ്മു കശ്‌മീരിൽ നിന്ന് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തുക്കൾ കണ്ടെടുത്ത സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഷോപ്പിയൻ പ്രദേശത്ത് നിന്ന് അയൂബ് റാത്തർ, ബനിഹാൽ പ്രദേശത്ത് നിന്ന് താലിബ് ഉർ റഹ്‌മാൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സ്‌ഫോടക വസ്‌തുക്കളുമായി മുമ്പ് അറസ്റ്റിലായ ബനിഹാൽ സ്വദേശി നദീം ഉൽ ഹഖിനെ ചോദ്യം ചെയ്‌തതിനെ തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടെയും അറസ്റ്റ്.
5.5 കിലോഗ്രാം തൂക്കമുള്ള സ്‌ഫോടക വസ്‌തുക്കളുമായാണ് നദീം ഉൽ ഹഖിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജൂൺ 27ന് ബാട്ടിൻഡി പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ജനസാന്ദ്രതയുള്ള പ്രദേശത്ത് പാകിസ്ഥാൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്ബ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.