ശ്രീനഗർ : തെക്കൻ കശ്‌മീരിലെ അനന്ത്‌നാഗിലെ (Anantnag encounter) കോക്കർനാഗിൽ രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു (Two Militants Killed In Kokernag ). കൊല്ലപ്പെട്ടവരിൽ ഒരാൾ ലഷ്‌കർ ഇ തൊയ്‌ബ കമാൻഡർ ഉസൈർ ഖാൻ (LeT commander Uzair Khan) ആണ്. കോക്കർനാഗിൽ ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ ഏറ്റുമുട്ടലിൽ (Kokernag Encounter) മൂന്ന് സൈനികർ വീരമൃത്യു വധിച്ചിരുന്നു. അതിനുള്ള പ്രതികാരം ചെയ്‌തതായി കശ്‌മീർ എഡിജിപി വിജയ് കുമാർ (ADGP Kashmir Vijay Kumar) പറഞ്ഞു.
ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും പ്രദേശത്ത് കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുമെന്നും എഡിജിപി അറിയിച്ചു. പിർ പഞ്ചൽ കുന്നുകളിൽ ഒളിച്ചിരുന്ന് ആക്രമണം നടത്തുന്നതിനിടെ കൊല്ലപ്പെട്ട ഉസൈർ ഖാന്‍റെ മൃതദേഹം സുരക്ഷാസേന കണ്ടെടുത്തു. ഇയാള്‍ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഉസൈറിന്‍റെ മൃതദേഹത്തിനൊപ്പം ഓപ്പറേഷൻ നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് മറ്റൊരു ഭീകരന്‍റെ മൃതദേഹവും കിട്ടി.
Also Read :Anantnag Encounter: അനന്തനാഗ് ഏറ്റുമുട്ടല്‍ ആറാം ദിവസവും തുടരുന്നു; കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
പ്രദേശം സുരക്ഷാസേന അണുവിമുക്തമാക്കുന്നതുവരെ ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിക്കുന്നത് പ്രദേശവാസികൾ ഒഴിവാക്കണമെന്ന് എഡിജിപി നിര്‍ദേശിച്ചു. ഇന്ന് രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ ഓപ്പറേഷനിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം ആറായി. സെപ്‌റ്റംബർ 13 നാണ് തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന ഗുഡോൾ വനമേഖലയിൽ തെരച്ചിൽ ആരംഭിച്ചത്.