ശ്രീനഗർ:വടക്കൻ കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കും ഒരു പ്രദേശവാസിക്കും പരിക്ക്. ജില്ലയിലെ ഖാൻപോറ പലത്തിനരികെ തീവ്രവാദികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഗ്രനേഡ് എറിഞ്ഞതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ പ്രദേശവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്‌ചയായിരുന്നു സംഭവം. ഉച്ചത്തിലുള്ള സ്‌ഫോടന ശബ്‌ദം പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചതായും സംഭവത്തിന് ശേഷം സുരക്ഷാ സേന സ്ഥലത്തെത്തി പ്രദേശത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
ഈ മാസം ആദ്യമാണ് ജമ്മു കശ്‌മീർ പൊലീസ് പാകിസ്ഥാൻ തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ ത്വയ്‌ബയിലെ അഞ്ച് തീവ്രവാദികളെ ബുഡ്‌ഗാം ജില്ലയിൽ കണ്ടെത്തി അറസ്റ്റ് ചെയ്‌തത്. കൂടാതെ ജൂലൈ 29ന് സാംബയിലെ മൂന്ന് സ്ഥലങ്ങളിലായി പാകിസ്ഥാന്‍റെ ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ബാരി-ബ്രാഹ്മണ, ചിലദ്യ, ഗഗ്വാൾ എന്നീ പ്രദേശങ്ങളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്.
also read:ജമ്മുവിൽ വീണ്ടും പാക് ഡ്രോണുകൾ; അന്വേഷണം ആരംഭിച്ചു
ജൂൺ അവസാന വാരം മുതൽ ജമ്മു മേഖലയിൽ നിരവധി ഡ്രോണുകൾ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ജമ്മു കശ്‌മീരിലെ പ്രധാന സുരക്ഷാ സ്ഥാപനങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരർ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെതിരെ ജൂലൈ 24ന് നടന്ന കമാൻഡർ തല യോഗത്തിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.