മുംബൈ : മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഘൻസവാങ്കി തഹസില്‍ ഗ്രാമത്തിലെ 15 കാരനായ അനികേത് ഘുഗെയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ പിടിയില്‍. മഹാദേവ് ഷിൻഡെ(19), ആകാശ് ഷിൻഡെ(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊല്ലപ്പെട്ട കുട്ടിയുടെ അതേ ഗ്രാമത്തിലുള്ളവരാണ് പ്രതികള്‍.
സാമൂഹ്യ പരിഷ്‌കര്‍ത്താവായ അന്നഭാവു സാഥെയുടെ ജന്മദിനാഘോഷമായ ഓഗസ്റ്റ് ഒന്നിനാണ് സംഭവം. ആഘോഷത്തിനിടെ അനികേതിനെ കാണാതെയായി. രാത്രി വൈകിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. പൊലീസും ഗ്രാമവാസികളും തെരച്ചില്‍ നടത്തുന്നതിനിടെ രാത്രി വൈകി രണ്ടു യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി.
പൊലീസിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പതറി, ഒടുവില്‍ പിടിയില്‍
ഇവരെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും ഫോണുകള്‍ വിശദമായി പരിശോധിക്കുകയും ചെയ്തു. മോചനദ്രവ്യം കൈക്കലാക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചെന്നും ഇവര്‍ മൊഴി നല്‍കി.
ഇതോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. എ ഐ.പി.സി, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍ നിയമം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ പ്രതികള്‍ക്കെതിരെ ചുമത്തിയെന്ന് പെലീസ് പറഞ്ഞു.
ALSO READ:'നുണകളുടെയും അഴിമതിയുടെയും തമോഗർത്തം' ; പിഎം കെയർ ഫണ്ടിനെ പരിഹസിച്ച് കോൺഗ്രസ്