ന്യൂഡൽഹി: 140 കോടി ഇന്ത്യക്കാരുടെ ശബ്‌ദം അടിച്ചമർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപ്പര്യമെന്ന് കോൺഗ്രസ്. ട്വിറ്ററിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമെതിരായ നടപടി സംസാര സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ട്വിറ്ററിനെതിരെ സർക്കാർ നടപടി ആരംഭിച്ച പശ്ചാത്തലത്തിലാണ് സുർജേവാല ഇക്കാര്യം ആരോപിച്ചത്.
ട്വിറ്റർ സ്വന്തമായി ഒന്നും എഴുതുന്നില്ല. ഈ സർക്കാരിനും നയങ്ങൾക്കും എതിരെ രാജ്യത്തെ ജനങ്ങളാണ് എഴുതുന്നതെന്ന് സുർജേവാല പറഞ്ഞു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ്. രാജ്യത്തെ മാധ്യമ പ്രവർത്തകർക്ക് പോലും സർക്കാരിനെതിരെ ഒന്നും എഴുതുവാൻ കഴിയുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയമാണ്. അത്തരമൊരു സാഹചര്യത്തിൽ യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും സുർജേവാല പറഞ്ഞു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പൂട്ടിയിടുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നുെ അദ്ദേഹം കൂട്ടിച്ചേർത്തു.