ന്യൂഡൽഹി: പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും ഉണ്ടായ ശക്‌തമായ ഭൂചലനത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ഭൂചലനത്തിന്‍റെ പ്രകമ്പനം ഏകദേശം രണ്ട് മിനിറ്റിലധികം ഇന്ത്യയിലും അനുഭവപ്പെട്ടിരുന്നു. തലസ്ഥാന നഗരിയിലും ചില ഉത്തരേന്ത്യൻ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതോടെ വീടുകളില്‍ നിന്ന് ജനങ്ങള്‍ തുറസായ സ്ഥലങ്ങളിലേക്ക് മാറുകയായിരുന്നു.
ഗുരുഗ്രാം, നോയിഡ സൊസൈറ്റികളിലെ താമസക്കാർ രാത്രി 10 മണിയോടെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഇറങ്ങിവരുന്നതും അടിയന്തര സാഹചര്യത്തിൽ തുറസായ പ്രദേശങ്ങളിൽ നിലയുറപ്പിക്കുന്നതും കാണാനായി. ആ രണ്ട് മിനിറ്റിനുള്ളിൽ പ്രകമ്പനത്തിൽ കുലുങ്ങുന്ന സീലിങ് ഫാനുകൾ, തുങ്ങിക്കിടക്കുന്ന ലൈറ്റുകൾ എന്നിവയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ നിറഞ്ഞു. സമാനമായി ജമ്മു കശ്‌മീരിലും രാജസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു.
ഇറങ്ങിയോടിയത് 11 നിലകൾ; ഡൽഹി സർവകലാശാലയുടെ നോർത്ത് കാമ്പസിലെ വിദ്യാർഥികൾ ഹോസ്‌റ്റലിന് പുറത്ത് കൂട്ടമായി നിൽക്കുന്ന ദൃശ്യങ്ങൾ ഒരു വിദ്യാർഥി ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. താൻ താമസിക്കുന്ന കെട്ടിടം കുലുങ്ങിയപ്പോൾ 11 നിലയുള്ള ഫ്ളാറ്റിൽ നിന്നും ഇറങ്ങിയോടിയെന്നാണ് ഗുരുഗ്രാമിൽ നിന്നുള്ള താമസക്കാരി ട്വിറ്ററിൽ കുറിച്ചത്.
ഞങ്ങളെ എന്തിനാണ് കുലുക്കിയത്..? അതേസമയം ചിലർ ശക്‌തമായ മാനസിക പിരിമുറുക്കത്തിൽ നിന്നും പുറത്തുകടക്കാൻ തമാശരൂപേണയുള്ള മീമുകളും സാമൂഹ്യ മാധ്യമങ്ങിൽ പങ്കുവെച്ചു. ' തലസ്ഥാനത്തെ ജനങ്ങളെ, ദൈവം ഡൽഹിയിലേക്ക്' എന്ന അടിക്കുറിപ്പോടെ ഒരു ഉപയോക്താവ് രജനികാന്തിന്‍റെ ചിത്രം പങ്കിട്ടു. ഈ ചിത്രത്തിൽ 'ക്യൂ ഹില ദല നാ' (ഞങ്ങളെ എന്തിനാണ് കുലുക്കിയത്..?) എന്ന് രജനികാന്ത് ചോദിക്കുന്ന രീതിയിലാണ് ചിത്രം പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ‘ഡൽഹിയിലെ ഭൂകമ്പം സ്ഥിരീകരിക്കാൻ ആളുകൾ ട്വിറ്ററിലേക്ക് ഓടുന്നു’ എന്ന അടിക്കുറിപ്പോടെ ഒരു വലിയ ജനക്കൂട്ടം ഒരേ ദിശയിലേക്ക് ഓടുന്നതിന്റെ വീഡിയോ ദൃശ്യവും മറ്റൊരാൾ പങ്കിട്ടു.