നാസിക്: മഹാരാഷ്ട്രയിലെ ഇഗത്പുരിൽ ഉണ്ടായ സംഘർഷത്തിൽ 20 വയസുകാരി കൊല്ലപ്പെട്ടു. ന്യാഡോഗ്രി സ്വദേശി ലക്ഷ്‌മിയാണ് മരിച്ചത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ അക്രമികള്‍ മൂന്ന് വീടുകള്‍ക്കും തീയിട്ടു.
ഭൂമി തർക്കത്തെ തുടർന്ന് സംഘർഷം; 20 വയസുകാരിക്ക് ദാരുണാന്ത്യം
സംഘർഷത്തിൽ ആക്രമികള്‍ മൂന്ന് വീടുകള്‍ക്കും തീയിട്ടു
അധാർവാഡ് മേഖലയിൽ താമസിക്കുന്ന ശരദ് മഹാദു വാഗും പ്രദേശവാസികളും തമ്മിൽ ഏറെ നാളായി ഭൂമി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ രൂക്ഷ വാക്കേറ്റമാണ് സംഘർഷത്തിന് കാരണം. വാക്കേറ്റത്തിന് പിന്നാലെ രോഷകുലരായ 20ഓളം പേരടങ്ങുന്ന സംഘം ശരദ് മഹാദു വാഗിനേയം കുടുംബത്തേയും ആക്രമിക്കുകയായിരുന്നു.
തുടർന്നുണ്ടായ സംഘർഷത്തിലാണ് ശരദ് വാഗിന്‍റെ ഭാര്യ സഹോദരി ലക്ഷ്‌മി കൊല്ലപ്പെട്ടത്. ശരദ് വാഗിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിന് വെട്ടേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്‌മി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷവും പിന്തിരിയാതിരുന്ന ജനക്കൂട്ടം ശരദ് വാഗിന്‍റെയും ബന്ധുക്കളുടെയും വീടുകള്‍ക്ക് തീയിട്ടു നശിപ്പിക്കുകയും ചെയ്‌തു. സംഭവത്തിൽ നാസിക് പൊലീസ് അന്വേഷണം ആരംഭിച്ചു.