ഷിയോപൂര്‍(മധ്യപ്രദേശ്) : ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച 12 ചീറ്റകളെ ക്വാറന്‍റൈനിലാക്കി. നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളുടെ ആദ്യ ബാച്ചെത്തി അഞ്ച് മാസത്തിന് ശേഷമാണ് 12 ചീറ്റകളുടെ രണ്ടാം ബാച്ച് എത്തുന്നത്. വംശനാശം സംഭവിച്ചതിനാല്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇവയെ രാജ്യത്ത് പുനരധിവസിപ്പിക്കുവാനുള്ള കേന്ദ്രത്തിന്‍റെ ഭൂഖണ്ഡാനന്തര മാറ്റി പാര്‍പ്പിക്കല്‍ പദ്ധതിയുടെ ഭാഗമാണിത്.
ചത്തീസ്‌ഗഡിലെ കൊറിയ ജില്ലയില്‍ 1947ലാണ് രാജ്യത്തെ അവസാനത്തെ ചീറ്റ മരിച്ചത്. 1952ലാണ് ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ച വിവരം പുറത്തുവിടുന്നത്. നിലവിലുള്ള എട്ട് എണ്ണത്തിനൊപ്പം 12 എണ്ണം കൂടി ചേര്‍ന്നതോടെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളുടെ എണ്ണം 20 ആയി.
ആദ്യ ബാച്ചിലെ ചീറ്റകളെ തുറന്നുവിട്ടത് പ്രധാനമന്ത്രി: 2022 സെപ്‌റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ ബാച്ചിലെ ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേയ്‌ക്ക് തുറന്നുവിടുന്നത്. ഇന്ന് രാവിലെ 10 മണിയ്‌ക്ക് സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള 12 ചീറ്റകളെ വ്യോമ സേനയുടെ ഹെലികോപ്‌റ്ററിലായിരുന്നു ഗ്വാളിയാര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ഓരോ ചീറ്റകളെയും തടികൊണ്ട് നിര്‍മിച്ച പ്രത്യേക കൂടുകളിലായിരുന്നു യാത്രാസമയത്ത് സൂക്ഷിച്ചിരുന്നത്.
ഗ്വാളിയാറിലെത്തിയ ശേഷം 165 കിലോമീറ്റര്‍ ദൂരമുള്ള ഷിയോപൂരിലെ കുനോ ദേശീയോദ്യാനത്തിലേയ്‌ക്ക് റോഡുമാര്‍ഗമാണ് ചീറ്റകളെ എത്തിച്ചത്. ദേശീയോദ്യാനത്തില്‍ ഉച്ചയോടെ എത്തിച്ചേര്‍ന്ന ചീറ്റകളെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്തര്‍ യാദവും ചേര്‍ന്നാണ് ക്വാറന്‍റൈനായി തുറന്ന് വിട്ടത്. എട്ട് ചീറ്റകളെ വെവ്വേറെ ക്വാറന്‍റൈന്‍ വലയങ്ങളില്‍ പാര്‍പ്പിച്ചപ്പോള്‍ നാല് ചീറ്റകളെ ജോഡിയായി രണ്ട് കൂടുകളിലാക്കി.