ന്യൂഡൽഹി : ഡൽഹി നിയമസഭ മന്ദിരത്തിനകത്ത് ബ്രിട്ടീഷുകാർ നിർമിച്ച തുരങ്കം കണ്ടെത്തി. നിയമസഭ മന്ദിരത്തെയും റെഡ് ഫോർട്ടിനെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് തുരങ്കം. സ്വാതന്ത്ര്യ സമര സേനാനികളെ കൊണ്ടുപോകുമ്പോഴുള്ള ജന രോഷം ഒഴിവാക്കാനായി ബ്രിട്ടീഷുകാർ നിർമിച്ചതാകാം ഈ തുരങ്കം എന്ന് ഡൽഹി നിയമസഭ സ്‌പീക്കർ റാം നിവാസ് ഗോയൽ പറഞ്ഞു.
" 1993 ൽ എംഎൽഎ ആയപ്പോൾ നിയമസഭക്ക് അകത്ത് തുരങ്കം ഉണ്ടെന്നും അത് റെഡ് ഫോർട്ടുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് ഞാൻ അതിന്‍റെ ചരിത്രം പരിശോധിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഈ തുരങ്കത്തിന്‍റെ വായ ഭാഗം കണ്ടെത്തി കഴിഞ്ഞു. എന്നാൽ അതിനപ്പുറത്തേക്ക് അതിന്‍റെ വഴി കണ്ടെത്താൻ നമ്മൾ ഇപ്പോൾ ശ്രമിക്കുന്നില്ല. തുരങ്കത്തിന്‍റെ പല ഭാഗങ്ങളും മെട്രോ റെയിൽ നിർമാണത്തിന്‍റെയും അഴുക്കുചാൽ നിർമാണത്തിന്‍റെയും ഭാഗമായി നശിപ്പിക്കപെട്ടിട്ടുണ്ടാവും," ഗോയൽ പറഞ്ഞു.
1912 ൽ ഭരണ ആസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ സമയത്ത് ഡൽഹി നിയമസഭ മന്ദിരം കേന്ദ്ര നിയമസഭ കാര്യാലയമായാണ് പ്രവർത്തിച്ചിരുന്നത്. അത് പിന്നീട് ഒരു കോടതി ആയി ബ്രിട്ടീഷുകാർ മാറ്റുകയുണ്ടായി. ആ സമയം തടവിലാക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര തടവുകാരെ ഈ തുരങ്കം വഴിയായിരുന്നു കോടതിയിലേക്ക് കൊണ്ടുവന്നിരുന്നത്.