ന്യൂഡൽഹി :രണ്ട് വ്യക്തികൾക്കിടയിലെ പ്രണയം യഥാർഥമാണെങ്കിൽ പൊലീസിന് അതിൽ ഇടപെടാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രണയിതാക്കളിൽ ഒരാളോ അതോ രണ്ടുപേരോ പ്രായപൂർത്തിയാകാത്തവരാണെങ്കില്‍ കൂടിയും ഇത് ബാധകമാണ്. ആരിഫ് എന്നയാൾക്കെതിരെ തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റർ ചെയ്‌ത കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ (Justice Swarnakanta Sharma) ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തം സമുദായത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം ആരിഫ് ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു. മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പെൺകുട്ടിയെ കണ്ടെത്തുമ്പോൾ 5 മാസം ഗർഭിണിയായിരുന്നു. എന്നാൽ, ഗർഭം അലസിപ്പിക്കാൻ പെൺകുട്ടി തയ്യാറായിരുന്നില്ല. 2015 ജനുവരിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ആരിഫിനെതിരെ നൽകിയ പരാതിയിൽ അതേവർഷം ജൂണിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ 2018 ഏപ്രിലിലാണ് ആരിഫിന് ജാമ്യം ലഭിച്ചത്. പിന്നീട് പെൺകുട്ടിയ്ക്കും കുഞ്ഞിനുമൊപ്പം താമസിക്കുകയായിരുന്നു.
കേസിലെ വാദത്തിനിടയിൽ തന്‍റെ ഇഷ്‌ടപ്രകാരമാണ് ബന്ധത്തിൽ ഏർപ്പെട്ടതെന്നും തന്‍റെ സമ്മതത്തോട് കൂടിയാണ് വിവാഹം നടന്നതെന്നും പെൺകുട്ടി കോടതിയിൽ മൊഴി നൽകി. സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ 18 വയസ്സ് പൂർത്തിയായിട്ടില്ലെന്നായിരുന്നു പൊലീസിന്‍റെ വാദം.