ഹൈദരാബാദ് :അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമയുള്ള വേദിയില്‍ മൈക്ക് എടുത്തുമാറ്റി തെലങ്കാനയില്‍ ടിആര്‍എസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. ഒരു റാലിയുടെ വേദിയില്‍ അദ്ദേഹം നില്‍ക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത നടപടി. പൊടുന്നനെ സ്റ്റേജിൽ കയറിയ തെലങ്കാന രാഷ്ട്ര സമിതി പ്രവർത്തകന് മൈക്ക് എടുത്തുമാറ്റുകയായിരുന്നു.
പാർട്ടിയുടെ കൊടിയിലെ നിറമായ മജന്തയിലുള്ള ഷാൾ ധരിച്ചായിരുന്നു ഇയാളെത്തിയത്. ഇയാള്‍ മൈക്ക് എടുത്തുമാറ്റുകയും ഹിമന്ത ബിശ്വ ശര്‍മയെ തുറിച്ചുനോക്കുകയും ചെയ്യുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. നിമഞ്ജന ഘോഷയാത്രയുടെ ഭാഗമായി ഭാഗ്യനഗർ ഗണേശ ഉത്സവ സമിതിയുടെ ക്ഷണപ്രകാരമാണ് ശർമ തെലങ്കാനയിലെത്തിയത്. വെള്ളിയാഴ്ച അദ്ദേഹം നഗരത്തിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. പിന്നാലെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ രൂക്ഷമായി വിമർശിച്ചു. ഇതിനുപിന്നാലെയായിരുന്നു ടിആർഎസ് പ്രവർത്തകന്റെ പ്രതിഷേധം.