ന്യൂഡല്‍ഹി: ത്രിപുരയില്‍ സിപിഎം എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപി പാളയത്തിലേക്ക്. സിപിഎം എംഎല്‍എ മൊബഷര്‍ അലിയും മുന്‍ എംഎല്‍എ സുബാല്‍ ഭൗമികുമാണ് സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥികളെ അന്തിമമായി തീരുമാനിക്കാനുള്ള ബിജെപി യോഗത്തിനിടെയായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശം.
മോദിയുടെ 'ആക്‌ട് ഈസ്‌റ്റ്' നയം ഫലം കണ്ടു; ത്രിപുരയില്‍ സിപിഎം എംഎല്‍എമാര്‍ ബിജെപിയിലേക്ക് - മോദി
സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ത്രിപുരയില്‍ സിപിഎം എംഎല്‍എ മൊബഷര്‍ അലിയും മുന്‍ എംഎല്‍എ സുബാല്‍ ഭൗമികും പാര്‍ട്ടിയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ച് ബിജെപിയില്‍ ചേര്‍ന്നു, സ്വീകരിച്ച് ബിജെപി നേതൃത്വം
ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മാണിക് സാഹ, മന്ത്രിമാരായ സംബിത് പത്ര, മഹേഷ് ശർമ, ബിജെപി വക്താവ് അനില്‍ ബലൂനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൊബഷര്‍ അലിയും സുബാല്‍ ഭൗമികും ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനം വിവിധ മേഖലകളിൽ വികസനം നേടിയിട്ടുണ്ടെന്ന് ഇരുവരും ഇതിനുശേഷം പ്രതികരിച്ചു. അതേസമയം മോദിയുടെ 'ആക്‌ട് ഈസ്‌റ്റ്' നയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരെ ആകർഷിച്ചിട്ടുണ്ടെന്നും ഇതുവഴി പാർട്ടിയിലേക്കുള്ള അവരുടെ പ്രവേശനത്തിന് സഹായകമാകുമെന്നും മാണിക് സാഹ പറഞ്ഞു. ജനപിന്തുണ ബിജെപിക്കൊപ്പമാണെന്നും തങ്ങള്‍ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം ത്രിപുരയെ അംഗീകരിക്കുകയും സംസ്ഥാനത്തിന്‍റെ വികസനം സാധ്യമാവുകയും ചെയ്‌തു. ത്രിപുര പോലുള്ള ചെറിയൊരു സംസ്ഥാനത്ത് ആറ് ദേശീയ പാതകളുടെ നിര്‍മാണപ്രവൃത്തി പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ത്രിപുരക്ക് ഒരു വിമാനത്താവളവും ലഭിച്ചു. പ്രധാനമന്ത്രി മോദി നോര്‍ത്ത് ഈസ്‌റ്റിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് എടുത്തുയര്‍ത്തിയെന്നും പാര്‍ട്ടിയിലേക്ക് പുതുതായെത്തിയ രണ്ട് നേതാക്കളും സംസ്ഥാനത്തിന്‍റെ തുടര്‍ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ കൂട്ടിച്ചേര്‍ത്തു. അതേസമയം ത്രിപുരയില്‍ ഫെബ്രുവരി 16 നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത്.