സിയോനി: ബിജെപി ഭരണ സംസ്ഥാനമായ മധ്യപ്രദേശിൽ പശുക്കളെ അറുത്തുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ സ്വയം പ്രഖ്യാപിത ഗോ രക്ഷകര്‍ അടിച്ചുകൊന്നു. സാഗർ സ്വദേശിയായ സമ്പത്ത് ബട്ടി, സിമരിയ സ്വദേശി ധൻസ എന്നിവരാണ് കൊല്ലപ്പെട്ടത്. 20ഓളം പേരടങ്ങുന്ന സംഘത്തിന്‍റെ ആക്രമണത്തില്‍ ബ്രജേഷ് ബട്ടി എന്നയാൾക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
ആൾക്കൂട്ട ആക്രമണം :തിങ്കളാഴ്‌ച (ഏപ്രിൽ 02) പുലർച്ചെ 2:30നും 3നും ഇടയിൽ കുറൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിമരിയയിലായിരുന്നു നടുക്കുന്ന സംഭവം. 15-20 പേരടങ്ങുന്ന സംഘം ഇരകളുടെ വീട്ടിലെത്തി പശുക്കളെ കശാപ്പ് ചെയ്‌തുവെന്നാരോപിച്ച് വടികൊണ്ട് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്.
20 പേർക്കെതിരെ കേസെടുത്ത സംഭവത്തിൽ ആറ് പേർക്കെതിരെ കൊലപാതക കുറ്റത്തിനാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. അക്രമികൾ ബജ്‌റംഗ് ദളിൽപെട്ടവരാണെന്ന് പ്രതിപക്ഷപ്പാർട്ടിയായ കോൺഗ്രസ് ആരോപിച്ചു. കൂടാതെ കോൺഗ്രസ് നിയമസഭാംഗം അർജുൻ സിങ് കക്കോഡിയയുടെ നേതൃത്വത്തിലുള്ള സംഘം ജബൽപൂർ-നാഗ്‌പൂർ ഹൈവേ ഉപരോധിച്ചു.