കേരളം

kerala

ETV Bharat / bharat

ബംഗ്ലാദേശി യുവതിക്ക് ട്രെയിനില്‍ സുഖപ്രസവം; ആംബുലന്‍സ് ഒരുക്കിയും സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തിയും റെയില്‍വേയുടെ സമയോചിത ഇടപെടല്‍ - റെയില്‍വേ അധികൃതര്‍

മുംബൈ-ഹൗറ മെയിലില്‍ ആണ് ബംഗ്ലാദേശ് സത്‌ഖിര ജില്ല സ്വദേശി മഞ്ജില ഖാത്തൂണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഷെഡ്യൂള്‍ ചെയ്യാത്ത ബഗ്‌നാന്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി അമ്മയേയും കുഞ്ഞിനെയും റെയില്‍വേ അധികൃതര്‍ ആശുപത്രിയിലാക്കി

train stopped at unscheduled station  Bangladeshi woman delivers baby  Bangladeshi woman delivers baby in the train  Bangladeshi woman delivers baby inside a train  ഇന്ത്യന്‍ റെയില്‍വേയുടെ കരുതല്‍  മഞ്ജില ഖാത്തൂണ്‍  ബഗ്‌നാന്‍  റെയില്‍വേ അധികൃതര്‍  ഇന്ത്യന്‍ റെയില്‍വേ
ഇന്ത്യന്‍ റെയില്‍വേ

By

Published : Jul 24, 2023, 8:01 AM IST

Updated : Jul 24, 2023, 2:59 PM IST

ഹൗറ (പശ്ചിമ ബംഗാള്‍) : ട്രെയിനില്‍ ബംഗ്ലാദേശി യുവതിക്ക് സുഖപ്രസവം. യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനുവേണ്ടി, ഷെഡ്യൂള്‍ ചെയ്യാത്ത റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി ഇന്ത്യന്‍ റെയില്‍വേയുടെ കരുതല്‍. മുംബൈ-ഹൗറ മെയിലില്‍ ശനിയാഴ്‌ചയാണ് ബംഗ്ലാദേശ് സത്‌ഖിര ജില്ല സ്വദേശിയായ മഞ്ജില ഖാത്തൂണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

മഞ്ജിലയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ബഗ്‌നാന്‍ സ്റ്റേഷനില്‍ ആണ് ട്രെയിന്‍ നിര്‍ത്തിയത്. യുവതിയുടെയും കുഞ്ഞിന്‍റെയും മെഡിക്കല്‍ ആവശ്യം കണക്കിലെടുത്ത് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് ആയിരുന്നിട്ടുകൂടി ഷെഡ്യൂള്‍ ചെയ്യാത്ത സ്റ്റേഷനില്‍ നിര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ട്രെയിന്‍ ബഗ്‌നാന്‍ സ്റ്റേഷനില്‍ നിര്‍ത്തുക മാത്രമല്ല, പാസഞ്ചേഴ്‌സ് അസോസിയേഷന്‍റെ സഹായത്തോടെ സ്റ്റേഷന് പുറത്ത് റെയില്‍വേ അധികൃതര്‍ ആംബുലന്‍സ് സൗകര്യം ക്രമീകരിക്കുകയും ചെയ്‌തിരുന്നു. യുവതിയേയും കുഞ്ഞിനെയും പ്രാദേശിക നഴ്‌സിങ് ഹോമിലേക്ക് മാറ്റിയതായി ആര്‍പിഎഫ് അറിയിച്ചു.

മഞ്ജില ഖാത്തൂണും ഭര്‍ത്താവ് റെസൗള്‍ ഗാസിയും ചികിത്സാര്‍ഥം മുംബൈയില്‍ എത്തിയതായിരുന്നു. ഇവിടെ നിന്ന് മടങ്ങും വഴിയാണ് സംഭവം. ബംഗാളിലെ പശ്ചിമ മേദിനിപൂര്‍ ജില്ലയിലെ ഖരഗ്‌പൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് ശേഷമാണ് മഞ്ജിലയ്‌ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.

മറ്റ് യാത്രക്കാരില്‍ നിന്ന് ഈ വിവരം അറിഞ്ഞ ടിക്കറ്റ് എക്‌സാമിനര്‍ അക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. യുവതിയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്‌തികരമാണ്. കുഞ്ഞിന് മാസം തികയാത്തതിനാൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി അവരെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി നഴ്‌സിങ് ഹോം അധികൃതര്‍ അറിയിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ട്രെയിൻ ഷെഡ്യൂൾ ചെയ്യാത്ത സ്റ്റേഷനിൽ നിർത്താൻ തീരുമാനിച്ചതെന്ന് ബഗ്‌നാൻ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജീപ്പില്‍ പ്രസവിച്ച് യുവതി: ഇക്കഴിഞ്ഞ മെയില്‍ മണ്ണാർക്കാട് പൂഞ്ചോല പാമ്പൻതോടിലെ ഗര്‍ഭിണിയായ ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വാര്‍ത്ത പുറത്തു വന്നിരുന്നു. പാമ്പൻതോട് ആദിവാസി കോളനിയിലെ ദിവ്യയാണ് ജീപ്പിൽ പ്രസവിച്ചത്. മെയ് 13നായിരുന്നു ദിവ്യയുടെ പ്രസവ തീയതി.

മെയ്‌ 4ന് രാവിലെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി വീട്ടിലേക്ക് മടങ്ങിയ യുവതിക്കാണ് വൈകിട്ടോടെ പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് തെങ്കര വഴി മണ്ണാർക്കാട് ആശുപത്രിയിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് യുവതി ജീപ്പില്‍ പ്രസവിച്ചത്.

അന്നേ ദിവസം യുവതിയും ഭർത്താവ് മഹേഷും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്‌ടറെ കണ്ടിരുന്നു. സ്‌കാനിങ് നടത്തി വിശദമായി ഡോക്‌ടർ പരിശോധിക്കുകയും ചെയ്‌തിരുന്നു. പ്രസവത്തിനായി അടുത്ത ആഴ്‌ച ആശുപത്രിയിൽ എത്താനാണ് ഡോക്‌ടർ നിർദേശിച്ചത്. തുടർന്നാണ് ദമ്പതികൾ കോളനിയിലേക്ക് തിരികെ പോയത്.

കോളനിയിൽ എത്തിയ ഉടൻ ദിവ്യക്ക് പ്രസവ വേദന തുടങ്ങി. ജീപ്പ് വിളിച്ച് ആശുപത്രിയിലേക്ക് വരികയായിരുന്നു. ഇതിനിടയിലാണ് യുവതി ജീപ്പില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ദിവ്യയുടെ രണ്ടാമത്തെ പ്രസവമാണിത്. മണ്ണാര്‍ക്കാട് ആശുപത്രിയിലേക്കുള്ള വഴി മധ്യേ വാഹനത്തിൽ പ്രസവം നടക്കുന്ന മൂന്നമത്തെ സംഭവമാണിത്.

Last Updated : Jul 24, 2023, 2:59 PM IST

ABOUT THE AUTHOR

...view details