ദുരിതമയം തമിഴ്‌നാട്ടിലെ ട്രെയിന്‍ യാത്ര ചെന്നൈ: ട്രെയിനിലെ തിരക്ക്...സാധാരണയായി കേള്‍ക്കുന്നതോ അല്ലെങ്കില്‍ കേട്ട് മടുത്തതോ ആയ കാര്യം. ഇത്തരത്തിലൊരു തിരക്കിന്‍റെ വീഡിയോയും വാര്‍ത്തകളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാര്‍ത്തകള്‍ മറ്റെവിടെ നിന്നുള്ളതുമല്ല. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ്.
തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നുള്ള ട്രെയിന്‍ യാത്രയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ട്രെയിനിലെ തിക്കിലും തിരക്കിലും യാത്ര ചെയ്യേണ്ടി വന്ന ഒരു യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ഏറെ ശ്രദ്ധേയമായി. നവംബര്‍ 5ന് സേലത്ത് നിന്നും ചെന്നൈയിലേക്കുള്ള യാത്രയെ കുറിച്ചാണ് യുവതി പോസ്റ്റിട്ടത്.
"യാത്ര ചെയ്‌ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എത്ര കണ്ണുകള്‍ എന്നെ നിരീക്ഷിച്ചുവെന്ന് എനിക്കറിയില്ല. ഗോരഖ്‌പൂരിലെത്തിയ ട്രെയിനിലേക്ക് നൂറു കണക്കിനല്ല മറിച്ച് ആയിരകണക്കിന് പുരുഷന്മാരാണ് കയറാന്‍ കാത്തുനിന്നത്. ഇതിനിടെ ഭര്‍ത്താവിനും സുഹൃത്തിനുമൊപ്പം ട്രെയിനില്‍ കയറിയ ഒരു യുവതിയ്‌ക്ക് സഹയാത്രകരില്‍ നിന്നും മര്‍ദനമേറ്റു. അതിഥി തൊഴിലാളികള്‍ക്കും ഇത്തരത്തിലുള്ള യാത്രകളില്‍ നിരന്തരം മര്‍ദനവും ഉപദ്രവവും ഏല്‍ക്കേണ്ടിവരുന്നുണ്ട്.
എന്തുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികൾ ഇങ്ങനെ യാത്ര ചെയ്യുന്നത്? അതറിയാൻ ഞങ്ങൾ തിരുപ്പൂർ റെയിൽവേ സ്റ്റേഷനിൽ അന്വേഷണം നടത്തി. റെയിൽവേ സ്റ്റേഷൻ ഇപ്പോഴും ഏതാണ്ട് യുദ്ധക്കളം പോലെയാണ്. ദീപാവലിക്ക് ശേഷവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മറ്റ് ചില ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. അതിനായി യാത്ര തിരിക്കാന്‍ വേണ്ടി ട്രെയിനുകള്‍ കാത്ത് നില്‍ക്കുന്നവരുടെ തിരക്കാണ് റയില്‍വേ സ്റ്റേഷനില്‍.
കൈകളിലും തലയിലും ചുമടുകളേറ്റി നിരവധി യാത്രക്കാരാണ് ഉറുമ്പുകളെ പോലെ കോച്ചുകളിലുള്ളത്. ചിലര്‍ ചുമടുകള്‍ക്കൊപ്പം തങ്ങളുടെ കുഞ്ഞുങ്ങളെയും ആ തിരക്കിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നുണ്ട്. അപകടകരമാം വിധത്തിലുള്ള യാത്രയുടെ ദൃശ്യങ്ങള്‍ ഏറെ ഞെട്ടിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇവിടെ ഈ അവസ്ഥ?
തമിഴ്‌നാട്ടില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മിക്ക വ്യവസായ സ്ഥാപനങ്ങളിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. വസ്‌ത്ര വിപണന മേഖലയിലും നിര്‍മാണ മേഖലയിലും ഹോട്ടലിലുമെല്ലാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അധികവും ജോലിക്കെത്തുന്നത്. പ്രത്യേകിച്ചും കോയമ്പത്തൂർ, തിരുപ്പൂർ, സേലം എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളില്‍ അവർ ധാരാളമായി ജോലി ചെയ്യുന്നുണ്ട്.
തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിൽ നിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പ്രതിവാര ട്രെയിനുകൾ മാത്രമാണുള്ളത്. അതുകൊണ്ട് ടിക്കറ്റ് ലഭിക്കുകയെന്നതും വളരെ ബുദ്ധിമുട്ടാണ്. തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും റിസർവ് ചെയ്യാത്ത ടിക്കറ്റിലാണ് യാത്ര ചെയ്യുന്നത്. സ്ഥലമില്ലെങ്കിൽ റിസർവ് ചെയ്‌ത കമ്പാർട്ടുമെന്‍റുകളിലെ സീറ്റുകളും സീറ്റുകള്‍ക്കിടയിലും ശുചിമുറിയിലും അടക്കമാണ് അവർ യാത്ര ചെയ്യുന്നത്.
ടെക്‌സ്‌റ്റൈൽ ഹബ്ബായ തിരുപ്പൂരിൽ മാത്രം 35 മുതൽ 40 ശതമാനം അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. തിരുപ്പൂർ ടെക്സ്റ്റൈൽ കമ്പനികളില്‍ വിവിധ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം രണ്ടര ലക്ഷത്തില്‍ അധികമാണ്. ഇത്തരം തൊഴിലാളികള്‍ അധികമുള്ള ഇവിടങ്ങളില്‍ നിന്നെല്ലാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളുടെ എണ്ണം വളരെ കുറവാണ്.
കോയമ്പത്തൂരിൽ നിന്ന് തിരുപ്പൂർ, ഈറോഡ്, സേലം വഴി ധൻബാദിലേക്ക് ആഴ്‌ചയില്‍ ഒരിക്കല്‍ മാത്രമാണ് ട്രെയിന്‍ സര്‍വീസ് ഉള്ളത്. കോയമ്പത്തൂരിൽ നിന്ന് സിൽച്ചാറിലേക്കും രാജ്‌കോട്ടിലേക്കും അതുപോലെ ജയ്‌പൂരിലേക്കുമുള്ള സര്‍വീസുകളുടെ സ്ഥിതിയും സമാനമാണ്. ഹരിയാനയിലെ ഹിസാര്‍, ജയ്‌പൂര്‍ എന്നിവിടങ്ങളിലേക്ക് ആഴ്‌ചയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകളുണ്ട് എന്നാല്‍ മറ്റിടങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തിയാണ് സ്വന്തം നാടുകളിലേക്ക് യാത്ര തിരിക്കുന്നത്. നിയന്ത്രാണതീതമായി ജനങ്ങള്‍ തിരക്കി കയറുന്നത് കൊണ്ടും ശുചിമുറിയില്‍ അടക്കം യാത്ര ചെയ്യേണ്ടി വരുന്നതും ട്രെയിലെ കോച്ചുകളും ടോയ്‌ലറ്റുകളും വൃത്തികോടാകുന്നതിനും കാരണമാകുന്നു. ദീപാവലിക്കും സത്പൂജ ഉത്സവത്തിനും തിരുപ്പൂരിൽ നിന്ന് മാത്രം ഒന്നരലക്ഷം തൊഴിലാളികളാണ് ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്‌തത്. ഇതിനായി മൂന്ന് പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. അതിൽ മാത്രമായി ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ എങ്ങനെ യാത്ര ചെയ്യുമെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും നിരവധി തൊഴിലാളികളാണ് തിരുപ്പൂരിൽ വന്ന് ജോലി ചെയ്യുന്നത്. അതിനാൽ പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, യുപി, രാജസ്ഥാൻ, എംപി എന്നിവിടങ്ങളിലേക്ക് കൂടുതൽ പ്രതിവാര ട്രെയിനുകൾ അനുവദിക്കണമെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. നിലവിലുള്ള ട്രെയിനുകളുടെ എണ്ണം ഇരട്ടിയാക്കിയാലും മതിയാവില്ല. അത്രമാത്രം ജനക്കൂട്ടം ഇവിടെ സ്ഥിരമായി എത്താറുണ്ട്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ദീപാവലി പോലുള്ള ഉത്സവ ദിവസങ്ങളിൽ സ്വദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നു''വെന്നുമാണ് യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.