ന്യൂഡല്‍ഹി: ഗാസിപൂർ, സിംഗു ഉൾപ്പെടെ ഡൽഹി അതിർത്തിയിൽ ഇന്ന് (22.08.2022) വൻ ഗതാഗതക്കുരുക്ക്. ഇതേത്തുടര്‍ന്ന് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണത്തില്‍ യാത്രക്കാർ ഒരു മണിക്കൂറിലേറെ കുടുങ്ങി. അതേസമയം, 'മഹാപഞ്ചായത്തിൽ' പങ്കെടുക്കാന്‍ ആയിരക്കണക്കിന് കർഷകർ ജന്തർമന്തറിൽ എത്തിയതാണ് ഗതാഗതകുരുക്കിന് കാരണമെന്ന് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. തലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ടെന്നും, ജാഗരൂകരാണെന്നും പൊലീസ് വ്യക്തമാക്കി.
ജന്തർമന്തറിൽ ഇന്ന് കര്‍ഷകരുടെ 'മഹാപഞ്ചായത്ത്'; ഡൽഹി അതിർത്തിയിൽ വൻ ഗതാഗതക്കുരുക്ക് മിനിമം താങ്ങുവിലയായ എംഎസ്‌പിയില്‍ നിയമപരമായ ഉറപ്പ്, 2022 ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കൽ തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് കർഷകർ ഒരു ദിവസത്തെ സമാധാനപരമായ പരിപാടി സംഘടിപ്പിക്കുന്നതെന്ന് 'മഹാപഞ്ചായത്ത്' സംഘാടകനായ അഭിമന്യു സിംഗ് കോഹാർ നേരത്തെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ഡൽഹി അതിർത്തികളിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിരുന്നു. നിലവില്‍ കർണാൽ റോഡ്, ലിബാസ് പുർ, സമയ്‌പൂർ ബദാലി, നരേല എന്നിവയുൾപ്പെടെ അതിർത്തിയോട് ചേർന്നുള്ള റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
അതേസമയം, ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെ പരിശോധനയും ചില പോയിന്‍റുകളിലും കവലകളിലും അധിക പിക്കറ്റ് വിന്യാസം തുടങ്ങിയ മുൻകരുതലുകളാണ് വാഹന ഗതാഗതം മന്ദഗതിയിലാക്കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ വിൻസ്‌ഡോർ പാലസ്, ഔട്ടർ സർക്കിൾ കൊണാട്ട് പ്ലേസ്, പാർലമെന്‍റ് സ്‌ട്രീറ്റ് എന്നിവയുൾപ്പെടെ ന്യൂഡൽഹിയുടെ അകത്തുള്ള പ്രദേശങ്ങളില്‍ ഗതാഗതം സാധാരണ നിലയിലാണെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല, ഒരു വലിയ ക്രെയിൻ പ്രവർത്തനരഹിതമായത് ഗുരുഗ്രാമിലേക്കുള്ള വാഹനഗതാഗതത്തെയും ദേശീയപാത 48 ലെ ഗതാഗതത്തെയും ബാധിച്ചതായും പൊലീസ് അറിയിച്ചു.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഗതാഗത ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തുമെന്നാണ് നിലവില്‍ ഡല്‍ഹി പൊലീസ് അറിയിക്കുന്നത്. ക്രമസമാധാന പാലനം ഉറപ്പാക്കാനും ജീവനും സ്വത്തിനും നാശനഷ്‌ടങ്ങളില്ലെന്നും ഉറപ്പാക്കാനും മതിയായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ക്രമസമാധാന പരിപാലനത്തിന്‍റെ ചുമതലയുള്ള സ്‌പെഷ്യൽ പൊലീസ് കമ്മിഷണർ ദേപേന്ദ്ര പതക് പറഞ്ഞു. ഗതാഗതക്കുരുക്ക് സംഭവിക്കാതിരിക്കാന്‍ ടോൾസ്‌റ്റോയ് മാർഗ്, സൻസദ് മാർഗ്, ജൻപഥ് റോഡ്, അശോക റോഡ്, ഔട്ടർ സർക്കിൾ കൊണാട്ട് പ്ലേസ്, ബാബ ഖരക് സിംഗ് മാർഗ്, പണ്ഡിറ്റ് പന്ത് മാർഗ് എന്നീ റോഡുകള്‍ ഒഴിവാക്കണമെന്ന് പൊലീസ് കഴിഞ്ഞ ദിവസം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.