കീലോങ് : മണാലി-ലേ ദേശീയപാതയിൽ ഓക്‌സിജന്‍റെ അളവ് അപകടകരമാംവിധം താഴ്‌ന്ന് രണ്ട് വിനോദ സഞ്ചാരികൾ മരിച്ചു. ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ആദിത്യ (32), ജമ്മുവിലെ സരിക വിഹാർ ലോവർ രൂപ് നഗറിലെ കബാല സിംഗ് (48) എന്നിവരാണ് മരിച്ചത്. ജൂൺ 21 ന് സർച്ചുവിനടുത്തുള്ള പാങ്ങിൽ വച്ചാണ് ആദിത്യ മരണപ്പെട്ടത്.
അതേസമയം ഇന്ന് ജിംഗ്‌ജിംഗ്‌ബറിൽ വച്ചാണ് കബാല മരിച്ചത്. പൊലീസ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കീലോംഗ് ആശുപത്രിയിലേക്ക് മാറ്റി. റോഡിലൂടെ നടക്കുമ്പോൾ ശ്വാസതടസം സംഭവിച്ചാണ് വിനോദസഞ്ചാരികൾ മരിച്ചതെന്ന് അവർക്കൊപ്പമുണ്ടായിരുന്നവർ പറഞ്ഞതായി ലാഹൗൾ പൊലീസ് അറിയിച്ചു.
വിനോദസഞ്ചാരികൾ മെഡിക്കൽ കിറ്റ് കരുതണം : മണാലി-ലേ ദേശീയ പാതയിലൂടെ പോകുന്ന വിനോദസഞ്ചാരികളോട് മുൻകരുതലിന്‍റെ ഭാഗമായി ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിജൻ ഗുളികകൾ, മെഡിക്കൽ കിറ്റുകൾ എന്നിവ കരുതണമെന്ന് പൊലീസ് അഭ്യർഥിച്ചു. ഇതിന് പുറമെ വിനോദ സഞ്ചാരികൾ ധാരാളം കുടിവെള്ളം കരുതണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലാഹൗൾ സ്‌പിതി ജില്ല വളരെ ഉയരം കൂടിയതും വർഷം മുഴുവന്‍ മഞ്ഞ് മൂടി കിടക്കുന്നതുമായ പ്രദേശമാണ്.
also read :ജമ്മു കശ്‌മീരിൽ ഹിമപാതം ; രണ്ട് വാഹനങ്ങൾ മഞ്ഞിനടിയിൽ, ജാഗ്രതാനിർദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി
ലാഹൗൾ സ്‌പിതി വഴി കടന്നുപോകുന്ന ഏറ്റവും ഉയരം കൂടിയ ഹൈവേയാണ് മണാലി-ലേ ദേശീയ പാത. 15,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മണാലിക്കും ലേയ്‌ക്കും ഇടയിൽ ധാരാളം മഞ്ഞ് പാളികളുണ്ട്. നിരവധി വിനോദസഞ്ചാരികളാണ് ഈ വഴി കടന്നുപോകാറുള്ളത്. ഇതിന് മുൻപും ഈ മേഖലയിൽ വച്ച് ഓക്‌സിജന്‍റെ അഭാവം മൂലം ജീവൻ നഷ്‌ടമായതായി പൊലീസ് അറിയിച്ചു.