ന്യൂഡല്‍ഹി: തദ്ദേശീയമായി ഗൃഹോപകരണങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനുമായുള്ള പിഎല്‍ഐ പദ്ധതിക്ക് മികച്ച പ്രതികരണം. എയർകണ്ടീഷണര്‍, എൽഇഡി ലൈറ്റുകള്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനായി 5,800 കോടിയിലധികം രൂപയുടെ നിക്ഷേപ അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. ബ്ലൂ സ്റ്റാർ, പാനസോണിക്, ഹിറ്റാച്ചി തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ 52 ഓളം കമ്പനികളിൽ നിന്നാണ് അപേക്ഷ ലഭിച്ചിരിക്കുന്നത്.
എസിയുടെ ഭാഗങ്ങള്‍ ഉൽപ്പാദിപ്പിക്കുന്നതിനായി 31 കമ്പനികൾ ഏകദേശം 5,000 കോടി രൂപയുടേയും എൽഇഡിയുടെ ഭാഗങ്ങള്‍ ഉൽപ്പാദിപ്പിക്കുന്നതിനായി 871 കോടി രൂപയുടെയും നിക്ഷേപ അപേക്ഷകള്‍ ലഭിച്ചു. രണ്ട് മാസത്തിനുള്ളിൽ സർക്കാർ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
തദ്ദേശീയ ഉത്പാദനവും തൊഴില്‍ അവസരവും
എയർകണ്ടീഷണറുകൾക്കായി കംപ്രസ്സറുകൾ, കോപ്പർ ട്യൂബിങ്, ഫോയിലുകൾക്കുള്ള അലുമിനിയം സ്റ്റോക്ക്, ഡിസ്പ്ലേ യൂണിറ്റുകൾ, ബിഎല്‍ഡിസി മോട്ടോറുകൾ തുടങ്ങിയ ഭാഗങ്ങളാണ് ഉത്പാദിപ്പിക്കുക. എൽഇഡി ലൈറ്റുകൾക്കായി എൽഇഡി ചിപ്പ് പാക്കേജിങ്, എൽഇഡി ഡ്രൈവര്‍, എൽഇഡി എഞ്ചിന്‍, എൽഇഡി ലൈറ്റ് മാനേജ്മെന്‍റ് സിസ്റ്റം, മെറ്റൽ ക്ലാഡ് പിസിബി തുടങ്ങിയവയും ഉത്പാദിപ്പിക്കും.