ചെന്നൈ:തമിഴ്‌നാട്ടിലെ സീര്‍കാഴിയില്‍ അമിത വേഗത്തിലെത്തിയ സ്‌കൂട്ടറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ടിഎന്‍എസ്‌ടിസി ലക്ഷ്വറി ബസ് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലും സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍ കണ്ടക്‌ടര്‍ അടക്കം നാല് പേര്‍ മരിച്ചു. ഡ്രൈവറടക്കം 26 പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികരായ ചിദംബരം പള്ളിപ്പടൈ സ്വദേശികളായ പത്മനാപൻ, അരുൾരാജ്, ബാലമുരുകൻ, ബസ് കണ്ടക്‌ടര്‍ വിജയ സാരഥി എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ പുലര്‍ച്ചെയാണ് അപകടം. തിരുവാരൂർ ജില്ലയിലെ തിരുതുറൈപൂണ്ടിയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ബസിന് എതിരെ അമിത വേഗത്തിലെത്തിയ സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെയാണ് ബസ് റോഡരികില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ എതിരെയെത്തിയ സ്‌കൂട്ടറിലും ബസ് ഇടിക്കുകയായിരുന്നു.