ചെന്നൈ :ആര്‍എസ്‌എസിന് റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി നിഷേധിച്ച് തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍. ഒക്ടോബര്‍ 2ന് നടത്താന്‍ നിശ്ചയിച്ച റൂട്ട് മാര്‍ച്ചിനാണ് അനുമതി നിഷേധിച്ചത്. അന്നേദിവസം തന്നെ നിശ്ചയിച്ച വിസികെ, സിപിഎം മുതലായ പാര്‍ട്ടികളുടെ ആര്‍എസ്എസിനെതിരായ പ്രതിഷേധങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആര്‍എസ്എസ്, അഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടിയലക്ഷ്യം ആരോപിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്‍എസ്എസിന്‍റെ റൂട്ട് മാര്‍ച്ചിനെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
തങ്ങളുടെ റൂട്ട് മാര്‍ച്ചിന് ഹൈക്കോടതി അനുമതി നല്‍കിയതാണെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. ഡിഎംകെയുടെ സഖ്യകക്ഷികളായ വിസികെ. സിപിഐ, സിപിഐഎം എന്നീ പാര്‍ട്ടികള്‍ ആര്‍എസ്എസിനെതിരെ മനുഷ്യച്ചങ്ങല പ്രതിഷേധം ഒക്ടോബര്‍ രണ്ടിന് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനും തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
സെപ്റ്റംബര്‍ 22ന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ആര്‍എസ്എസിന് റൂട്ട് മാര്‍ച്ച് നടത്താനുള്ള അനുമതി നല്‍കിയത്. ഈ ഉത്തരവ് പാലിക്കുന്നില്ല എന്ന് കാണിച്ചാണ് ആഭ്യന്തര സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി നാളെ ഹര്‍ജി പരിഗണിക്കും.
ആര്‍എസ്എസിന് ഗാന്ധിജയന്തി ദിവസം റൂട്ട് മാര്‍ച്ച് നടത്താനുള്ള അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിസികെ നേതാവ് നല്‍കിയ ഹര്‍ജിയും മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും.