ന്യൂഡൽഹി : ലോക്‌സഭയിൽ സുരക്ഷ വീഴ്‌ചയുണ്ടായ സംഭവത്തിൽ ബിജെപിക്കെതിരെ പുതിയ പോർമുഖം തുറന്ന് തൃണമൂൽ കോൺഗ്രസ്. തങ്ങളുടെ എംപി മഹുവ മൊയ്ത്രയെ (Mahua Moitra Expulsion) പുറത്താക്കിയ മാതൃകയിൽ, പ്രതിഷേധക്കാർക്ക് പാർലമെന്‍റിനകത്ത് കടക്കാന്‍ പാസ് നൽകിയ ബിജെപി എംപിയെയും പുറത്താക്കണമെന്നാണ് തൃണമൂലിന്‍റെ ആവശ്യം (TMC seeks expulsion of BJP MP Pratap Simha). മൈസൂരു എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹയുടെ സന്ദർശക പാസ് ഉപയോഗിച്ചാണ് പ്രതിഷേധക്കാർ ലോക്‌സഭയിൽ എത്തിയത്. ഇതാണ് തൃണമൂൽ അടക്കമുള്ള പ്രതിപക്ഷം ബിജെപിക്കെതിരെ ആയുധമാക്കുന്നത്.
പ്രതാപ് സിംഹ മുഴുവൻ പാർലമെന്‍റിന്‍റെയും സുരക്ഷ അപകടത്തിലാക്കിയെന്നും സഹ എംപിമാരുടെ സുരക്ഷ അപകടത്തിലാക്കിയ സിംഹയ്‌ക്ക് പാർലമെന്‍റേറിയനായി തുടരാൻ എന്ത് അവകാശമാണുള്ളതെന്നും തൃണമൂല്‍ എക്‌സിലൂടെ ചോദിച്ചു. 'ലോഗിൻ ക്രെഡൻഷ്യലുകൾ പങ്കിട്ട് ദേശീയ സുരക്ഷ ലംഘിച്ചെന്നാരോപിച്ച് ഞങ്ങളുടെ എംപി മഹുവ മൊയ്ത്രയെ അന്യായമായി പുറത്താക്കി. ഇന്ന് ബിജെപി കർണാടക എംപി പ്രതാപ് സിംഹ കയ്യേറ്റക്കാർക്ക് സന്ദർശക പാസ് നൽകി മുഴുവൻ പാർലമെന്‍റിന്‍റെയും സുരക്ഷ അപകടത്തിലാക്കി. പുറത്താക്കപ്പെടുന്നതില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കുന്നതെന്താണ്? എന്തുകൊണ്ട് സമാനമായ ഒരു നടപടി അദ്ദേഹത്തിനെതിരെ ഉണ്ടാകാത്തത്? സഹ എംപിമാരുടെ സുരക്ഷ അപകടത്തിലാക്കിയതിന് ശേഷം പാർലമെന്‍റേറിയനായി തുടരാൻ അദ്ദേഹത്തിന് എന്താണ് അവകാശം?' -തൃണമൂൽ കോൺഗ്രസ് തങ്ങളുടെ എക്‌സ് പോസ്റ്റിലൂടെ ചോദിച്ചു.
പ്രതാപ് സിംഹ എംപിയെ പുറത്താക്കണമെന്ന് തൃണമൂൽ എംപി സുദീപ് ബന്ദ്യോപാധ്യായ ലോക്‌സഭയിൽ ആവശ്യപ്പെട്ടു. 'മഹുവ മൊയ്‌ത്രയെ പുറത്താക്കിയത് ഒരു പാസ്‌വേഡ് കാരണമാണ്, അത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഈ ആളുകൾക്ക് എംപി പാസ് നൽകിയത് സുരക്ഷയുടെ പ്രശ്‌നമല്ലേ? പുകയിൽ വിഷമുണ്ടായിരുന്നെങ്കിൽ നിരവധി എംപിമാർക്ക് പരിക്കേറ്റേനെ.' -സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു.