ന്യൂഡല്‍ഹി:ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്ന് തിപ്രമോതയാണെന്ന് മുന്‍ എംപിയും സിപിഎം കേന്ദ്ര കമ്മിറ്റി മുതിര്‍ന്ന അംഗവുമായ ഹന്നന്‍ മൊല്ല. ഇത്തരമൊരു തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി സിപിഎം പ്രവര്‍ത്തകര്‍ കഠിനമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാസ്‌തവത്തില്‍ ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ ഭീകരമായ അന്തരീക്ഷം സൃഷ്‌ടിക്കുകയാണെന്നും ഇത്തവണ പാര്‍ട്ടി നല്ല ഫലം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'സിപിഎമ്മിന്‍റെ തോല്‍വിക്ക് കാരണമായത് തിപ്രമോത, ത്രിപുരയില്‍ ബിജെപി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നു': ഹന്നന്‍ മൊല്ല - 2023 tripura by election result
ത്രിപുരയിലെ സിപിഎം പരാജയത്തിന് കാരണം തിപ്രമോതയെന്ന് ഹന്നന്‍ മൊല്ല. സിപിഎം കഠിനമായി പ്രവര്‍ത്തിച്ചിരുന്നു. തിപ്രമോത സിപിഎം വോട്ട് ബാങ്ക് വിഭജിപ്പിച്ചുവെന്നും ആരോപണം. ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നുവെന്നും കുറ്റപ്പെടുത്തല്‍.
തിപ്രമോത സിപിഎം വോട്ട് ബാങ്ക് വിഭജിപ്പിച്ചു. പല മണ്ഡലങ്ങളിലും ചെറിയ ഭൂരിപക്ഷത്തിന്‍റെ വ്യത്യാസത്തിലാണ് സിപിഎം പരാജയപ്പെട്ടത്. ചില മണ്ഡലങ്ങളില്‍ 600-650 വോട്ടുകള്‍ക്കാണ് ബിജെപി സിപിഎമ്മിനെ തോല്‍പിച്ചതെന്നും ഹന്നന്‍ മൊല്ല പറഞ്ഞു. മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ത്രിപുരയിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലവും ഇന്നാണ് പ്രഖ്യാപിച്ചത്.
ഫെബ്രുവരി 16നായിരുന്നു ത്രിപുരയിലെ വോട്ടെടുപ്പ്. അതേസമയം നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയില്‍ 87.76 ശതമാനവും മേഘാലയയില്‍ 85.27 ശതമാനവും നാഗാലാന്‍ഡില്‍ 85.90 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.