ബെംഗളൂരു :ബെംഗളൂരു- മൈസൂരു പാതയിൽ ഓടുന്ന ടിപ്പു എക്‌സ്‌പ്രസിന്‍റെ പേര് വോഡയാർ എക്‌സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തു. തീവണ്ടിയുടെ പേര് മാറ്റണമെന്ന് അഭ്യർഥിച്ച് മൈസൂരുവിലെ ബിജെപി എംപി പ്രതാപസിംഹ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് ഈ വർഷം ജൂലൈയിൽ നിവേദനം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് മന്ത്രിയുടെ നിർദേശപ്രകാരം റെയിൽവേ ബോർഡ് പേരുമാറ്റി സർക്കുലർ ഇറക്കിയത്.
വോഡയാര്‍ രാജവംശം റെയില്‍വേയ്ക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടത്. കൂടാതെ കർണാടകയിലെ പ്രശസ്‌ത കവി കുവെമ്പുവിന്‍റെ സ്മരണാര്‍ഥം മൈസൂരുവിനും തലഗുപ്പയ്ക്കും ഇടയിലുള്ള എക്‌സ്പ്രസ് സർവീസിന് അദ്ദേഹത്തിന്‍റെ പേര് നൽകണമെന്ന ആവശ്യവും റെയിൽവേ അംഗീകരിച്ചു.
ഉത്തരവുകൾ ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. മൈസൂരു- ബെംഗളൂരു പാതയിൽ 1980 മുതൽ സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് ടിപ്പു എക്‌സ്‌പ്രസ്. അതേസമയം മുസ്‍ലിം ഭരണാധികാരികളുടെ സംഭാവനകൾ തുടച്ചുനീക്കാനുള്ള ബിജെപി ഭരണകൂടത്തിന്‍റെ നിരന്തര ശ്രമത്തിന്‍റെ ഭാഗമാണ് ട്രെയിനുകളുടെ പേരുമാറ്റമെന്ന വിമർശനം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചു.