ന്യൂഡല്‍ഹി: ജനകേന്ദ്രീകൃതമായ ഭരണം രാജ്യത്ത് തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). ബിആര്‍എസ് (BRS) സര്‍ക്കാരിന് തെലങ്കാനയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 2020ല്‍ തെലങ്കാനയില്‍ ആത്മഹത്യ ചെയ്‌ത കര്‍ഷകന്‍റെ വസതി ഈയിടെ സന്ദര്‍ശിച്ചതിന്‍റെ ദൃശ്യങ്ങളും രാഹുല്‍ ഗാന്ധി തന്‍റെ യുട്യൂബ് ചാനലില്‍ പങ്കുവച്ചു.
തെലങ്കാനയില്‍ പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനങ്ങളും ഇതോടൊപ്പം രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഒരിടമെങ്കിലും തങ്ങള്‍ ഒരുക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.
വരിയില്‍ ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന ആളിന്‍റെ ശബ്‌ദത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കുമ്മാരി ചന്ദ്രയ്യാസിന്‍റെ ശബ്‌ദം ഒരിക്കല്‍ അത്തരത്തില്‍ ഒന്നായിരുന്നു. ബിആര്‍എസ് സര്‍ക്കാര്‍ അദ്ദേഹത്തെ തോല്‍പ്പിച്ചു കളഞ്ഞു. തെലങ്കാനയിലെ ഒരു ചെറിയ കര്‍ഷകനായിരുന്നു അദ്ദേഹം. ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ബുദ്ധിമുട്ടും വായ്‌പകളും മൂലം അദ്ദേഹം വീര്‍പ്പുമുട്ടി, ഒടുവില്‍ അദ്ദേഹം മരണത്തില്‍ അഭയം തേടി. കുടുംബം അനാഥമാക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ വീട് സന്ദര്‍ശിച്ചതിന്‍റെ ദൃശ്യങ്ങളും രാഹുല്‍ യുട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. ഇതുവരെ ഈ കുടുംബത്തിന് സര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കിയോ എന്നും രാഹുല്‍ ചോദിച്ചു.