ന്യൂഡല്‍ഹി:കള്ളപ്പണക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യമന്ത്രിക്ക്, ഫിസിയോതെറാപ്പിസ്‌റ്റ് തിഹാര്‍ ജയിലില്‍ വച്ച് മസാജ് ചെയ്‌തു നല്‍കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി ജയില്‍ അധികൃതര്‍. മന്ത്രിയ്‌ക്ക് മസാജ് ചെയ്‌തത് ഫിസിയോതെറാപ്പിസ്‌റ്റ് അല്ലെന്നും പോക്‌സോ കേസിലെ പ്രതിയായ റിങ്കുവാണെന്നും അധികൃതര്‍ പറഞ്ഞു. റിങ്കുവിനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ പോക്‌സോ ആക്‌ടിന്‍റെ 6, 376, 506, 509 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍, ആരോപണത്തില്‍ എഎപി പ്രതികരണമൊന്നും നല്‍കിയിട്ടില്ല. 'തിഹാര്‍ ജയിലില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിന് മസാജ് ചെയ്‌ത് നല്‍കിയത് ഫിസിയോതെറാപ്പിസ്‌റ്റ് അല്ല പോക്‌സോ കേസിലെ പ്രതിയാണെന്നാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ ഡോക്‌ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്, ലജ്ജാവഹം', ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്‌തു.
'ഡല്‍ഹി മുഖ്യമന്ത്രി ഒരു മിനിറ്റ് പോലും തന്‍റെ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. അരവിന്ദ് കെജ്‌രിവാള്‍ രാജ്യത്തോട് മാപ്പ് പറയണം. സത്യേന്ദ്ര ജെയിനെ പിരിച്ചുവിടാന്‍ കെജ്‌രിവാളിന് കഴിയില്ലെങ്കില്‍ നിങ്ങള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുക' എന്ന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ബിജെപിയുടെ ദേശീയോപദേഷ്‌ടാവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. 'വീഡിയോയ്‌ക്ക് കെജ്‌രിവാള്‍ ഒരു മണിക്കൂറിനകം മറുപടി നല്‍കണമെന്നും' ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.
കള്ളപ്പണക്കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന ഡല്‍ഹിയിലെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍റെ കട്ടിലിന് സമീപം ഇരുന്ന് ഒരാള്‍ മസാജ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലുടനീളം പ്രചരിച്ചിരുന്നു. തിഹാര്‍ ജയിലിന്‍റെ ഏഴാം നമ്പര്‍ മുറിയില്‍ നിന്നുമാണ് വീഡിയോ പുറത്ത് വന്നത്. നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ജെയിന് ഫിസിയോതെറാപ്പി ചെയ്യുകയാണെന്നാണും ആരോഗ്യ അവസ്ഥയില്‍ ബിജെപി അനാവശ്യരാഷ്‌ട്രീയം വച്ച് പുലര്‍ത്തുവാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.
നേരത്തെ സത്യേന്ദര്‍ ജെയിന് ജയിലില്‍ വിഐപി പരിഗണന നല്‍കിയെന്നാരോപിച്ച് ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇതേതുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹിയുടെ ചീഫ് സെക്രട്ടറിയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.