ന്യൂഡൽഹി : എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യ തലസ്ഥാനം അതീവ സുരക്ഷ വലയത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തും പതിനായിരത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനും വിവിഐപി നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുമായി കോട്ടയിലും പരിസരത്തും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും നൂതന സാങ്കേതിക വിദ്യകളുള്ള ആയിരത്തോളം കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ഇന്‍റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് അതീവ ജാഗ്രതയിലാണെന്നും, സുരക്ഷ ക്രമീകരണങ്ങളുടെ ഒരുക്കം മൂന്ന് നാല് മാസങ്ങൾക്ക് മുന്നേ ആരംഭിച്ചതായും ഡൽഹി പൊലീസ് വക്താവ് സുമൻ നൽവ പറഞ്ഞു. 'ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ജില്ലകളിൽ ആർഡബ്ല്യുഎ (റെസിഡന്‍റ്സ് വെൽഫെയർ അസോസിയേഷനുകൾ), എംഡബ്ല്യുഎ (മാർക്കറ്റ് വെൽഫെയർ അസോസിയേഷനുകൾ) അംഗങ്ങളുമായി ചേർന്ന് സുരക്ഷ ഡ്രൈവുകളും നടത്തുന്നുണ്ട്.
എഐ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയൽ (Facial Recognition) കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷയ്ക്കായി ആന്‍റി-ഡ്രോൺ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. ഡൽഹിയിൽ മതിയായ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധികൃതരുടെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. ഹെവി വാഹനങ്ങൾക്ക് ഇന്ന് ഡൽഹി അതിർത്തിയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. മറ്റ് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടെങ്കിലും സുരക്ഷ പരിശോധനയുണ്ടായിരിക്കും.' സുമൻ നൽവ വ്യക്‌തമാക്കി.
ചെങ്കോട്ടയ്ക്ക് മുന്നിലെ ഗ്യാൻ പാത പൂക്കളും ജി20 ചിഹ്നങ്ങളും കൊണ്ട് അലങ്കരിക്കും. എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ വലിയ അലങ്കാരങ്ങളൊന്നും ഉണ്ടാകില്ല. പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തുടനീളം 1800 ഓളം വിശിഷ്‌ടാതിഥികളെ സർക്കാർ ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപത്തിയഞ്ച് ദമ്പതികളെ അവരുടെ പരമ്പരാഗത വസ്‌ത്രത്തിൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്.
തെരഞ്ഞെടുത്ത സർപഞ്ചുമാർ, നഴ്‌സുമാർ, മത്സ്യത്തൊഴിലാളികൾ, സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ എന്നിവരും പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. ആഘോഷങ്ങൾ പൂർത്തിയാകുന്നത് വരെ ചെങ്കോട്ടയും പരിസര പ്രദേശങ്ങളും പട്ടം പറത്തൽ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ടയിൽ ആന്‍റ് ഡ്രോണ്‍ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.