വിശാഖപട്ടണം:വിശാഖപട്ടണം കലക്‌ടറേറ്റിന് സമീപം രാമജോഗിപേട്ടിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം. ദുർഗ പ്രസാദ് (17), സഹോദരി അഞ്ജലി (15), ബിഹാർ സ്വദേശി ചോട്ടു (27) എന്നിവരാണ് മരിച്ചത്. വിശാഖപട്ടണം കലക്‌ടറേറ്റിന് സമീപം രാമജോഗി പേട്ടയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. തകർന്ന കെട്ടിടത്തിന് ഇരുപത് വർഷത്തെ പഴക്കം ഉണ്ടായിരുന്നു.
സമീപത്തെ കെട്ടിടത്തിൽ നടന്നു വന്നിരുന്ന പൈലിംഗ് മൂലമാണ് ഈ കെട്ടിടം തകർന്നു വീണതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നും എങ്കിൽ മാത്രമാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് ഡെപ്യൂട്ടി കമ്മിഷണർ ഗരുഡ് സുമിത് സുനിൽ അറിയിച്ചു. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്.
പൈലിങ് നടത്തിയ തൊട്ടടുത്ത കെട്ടിടത്തിന്‍റെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ മൂന്ന് മരണങ്ങൾക്ക് പുറമെ ആറ് പേരെ ഇതിനോടകം രക്ഷപെടുത്തിയിട്ടുണ്ട്. ഇവർ നിലവിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
തൊട്ടടുത്ത കെട്ടിടത്തിന്‍റെ ഉടമസ്ഥൻ തകർന്ന കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടെന്ന് അറിഞ്ഞിട്ടും ഇയാൾ പൈലിംഗ് അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. പുരയിടത്തിൽ കുഴൽക്കിണർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇയാൾ നടത്തി വന്നിരുന്നു.
കൊമ്മിഷെട്ടി ശിവശങ്കര, സാകേതി രാമറാവു, സാകേതി കല്യാണി, സുന്നപു കൃഷ്ണ, സതിക റോജാറാണി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ അപകടം ഗുരുതരമാണ്. ഇവർ കെജിഎച്ച് ആശുപത്രിയിലാണ് ചികിത്സ നേടിയത്. അപകടസമയത്ത് 8 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്.