ഭോപ്പാൽ:പാകിസ്ഥാൻ ഏജൻസികൾ സോഷ്യൽ മീഡിയ വഴി ഹണി ട്രാപ്പിൽ കുടുക്കിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന്പേരെ കസ്റ്റഡിയിലെടുത്തതായി മധ്യപ്രദേശ് പൊലീസ് അറിയിച്ചു. ഇവർ സൈനിക വിവരങ്ങൾ ശേഖരിച്ച് പാകിസ്ഥാനിലേക്ക് അയച്ചതായി സംശയിക്കുന്നതിനാൽ പ്രതികളെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്.
മൊഹോയിലെ പ്രദേശവാസികളായ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചെയ്ത് ചോദ്യം ചെയ്യുന്നത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം ഇൻഡോർ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) ഹരിനാരായണാചാരി മിശ്ര വെള്ളിയാഴ്ച രാത്രി ഡിഐജി ഓഫീസിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടത്തി സ്ഥിതിഗതികൾ വിശകലനം ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ കണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും ഐജിപി മിശ്ര പറഞ്ഞു.