ഇംഫാൽ :ഒരിടവേളയ്ക്കുശേഷം വീണ്ടും സംഘർഷഭരിതമായി മണിപ്പൂർ. ഇന്ന് മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേർ കൊല്ലപ്പെട്ടു (Three killed As Fresh Violence Erupts In Manipur). കുക്കി സമുദായത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ട മൂന്നുപേരും.
രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഇംഫാൽ വെസ്റ്റ്, കാങ്‌പോക്‌പി ജില്ലകളുടെ അതിർത്തിയിലുള്ള ഇറേങ്, കരം വൈഫൈ പ്രദേശങ്ങൾക്കിടയിലുള്ള സ്ഥലത്താണ് ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ അക്രമികൾ ഗ്രാമവാസികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവയ്പ്പിന് പിന്നിൽ മെയ്തികളാണെന്നാണ് കുക്കി വിഭാഗം ആരോപിക്കുന്നത്.
കാംഗ്‌പോക്‌പി ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ ട്രൈബൽ യൂണിറ്റി കമ്മിറ്റി (COTU) ആക്രമണത്തെ അപലപിച്ചു. മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കുന്നത് കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ എല്ലാ താഴ്‌വര ജില്ലകളെയും അസ്വസ്ഥ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന സായുധ സേനാനിയമം 1958 ചുമത്തുകയും വേണമെന്ന് COTU പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Also Read:'പ്രതിപക്ഷം മണിപ്പൂരിലെ ജനങ്ങളെ വഞ്ചിച്ചു, അവര്‍ക്ക് വലുത് പാര്‍ട്ടിയാണ് രാജ്യമല്ല', രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
സെപ്‌റ്റംബര്‍ 8 ന് തെങ്‌നൗപാൽ ജില്ലയിലെ പല്ലേലിൽ നടന്ന അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍ ജില്ല അതിര്‍ത്തിയിലും സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു. മെയ് 3 ന് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 160-ലധികം ആളുകൾ ഇതിനോടകം കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.