കോട്ട:രാജസ്ഥാനിലെ കോട്ടയിൽ രാമനവമി ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു. വ്യാഴാഴ്‌ച (മാര്‍ച്ച് 30) ഉണ്ടായ സംഭവത്തില്‍ ലളിത്, അഭിഷേക്, മഹേന്ദ്ര എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
കോട്ട ജില്ലയിലെ സുൽത്താൻപൂരിന് അടുത്തുള്ള കോത്ര ദീപ്‌സിങ് ഗ്രാമത്തിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഭവം. ഘോഷയാത്രയിൽ അഖാഡ (Akhada) എന്ന ആയോധന കല യുവാക്കള്‍ അവതരിപ്പിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന ആയുധം വൈദ്യുതി ലൈനില്‍ തട്ടുകയും ഷോക്ക് എല്‍ക്കുകയുമായിരുന്നു. ഏഴ് യുവാക്കളാണ് അഖാഡ അവതരിപ്പിച്ചിരുന്നതെങ്കിലും ഒരാള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിമാൻഷു, രാധശ്യാം, അമിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ ബുദ്ധാദിത് പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് അയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷം:രാമനവമിയോട് അനുബന്ധിച്ച് രാജ്യത്തെ വിവിധ ഇടങ്ങളിലാണ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തത്. ബംഗാളിലെ ഹൗറ, മഹാരാഷ്‌ട്രയിലെ ഔറംഗാബാദ്, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളിലാണ് സംഭവം. തീവ്ര ഹിന്ദുത്വവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടലിൽ നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാവുകയും കടകള്‍ പൂര്‍ണമായി തകര്‍ക്കുകയും ചെയ്‌തു. പ്രദേശത്ത് കലാപം നിയന്ത്രണ വിധേയമാക്കാന്‍ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.