ചെന്നൈ: തമിഴ്‌നാട്ടിലെ കുംഭകോണത്തെ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ കലിംഗനർത്തന കൃഷ്‌ണൻ ഉൾപ്പെടെ മൂന്ന് പുരാതന വിഗ്രഹങ്ങൾ യുഎസിലെ ലേല കേന്ദ്രങ്ങളിൽ നിന്ന് കണ്ടെത്തിയതായി വിഗ്രഹ വിഭാഗം സിഐഡി വ്യാഴാഴ്‌ച അറിയിച്ചു. കുംഭകോണത്തെ സുന്ദര പെരുമാൾകോവിൽ ഗ്രാമത്തിലെ അരുൾമിഗു സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്നാണ് കലിംഗനർത്തന കൃഷ്‌ണൻ, വിഷ്‌ണു, ശ്രീദേവി എന്നിങ്ങനെ മൂന്ന് വിഗ്രഹങ്ങളാണ് മോഷണം പോയത്. 60 വർഷത്തോളമായി ക്ഷേത്രത്തിൽ വ്യാജവിഗ്രഹങ്ങൾ ആണ് ഉണ്ടായിരുന്നത്.
ഇത്രയും വർഷമായി ഇത് ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. ശേഷം 2020 ഫെബ്രുവരി 12 ൽ ക്ഷേത്രം ഉദ്യോഗസ്ഥൻ നൽകിയ പരാതിയിന്മേലാണ് അന്വേഷണം ആരംഭിക്കുന്നത്. വിഗ്രഹം മോഷണം പോയതായും പകരം വ്യജവിഗ്രഹം സ്ഥാപിച്ചതായും പരാതിയിൽ പറഞ്ഞു.
അന്വേഷണത്തിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി ചന്ദ്രശേഖരൻ 60 മുതൽ 65 വർഷം മുമ്പ് വിഗ്രഹം മോഷണം പോയതാണെന്ന് മനസിലാക്കി. തുടർന്നുള്ള അന്വേഷണത്തിൽ വിഗ്രഹങ്ങൾ യുഎസിലെ മ്യൂസിയത്തിൽ ഉണ്ടെന്ന് കണ്ടെത്തി. ഇതോടെ വിഗ്രഹങ്ങൾ തിരികെ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വിഗ്രഹ വിഭാഗം ഡിജിപി കെ ജയന്ത് മുരളി പറഞ്ഞു.