അജ്‌മീർ : അജ്‌മീർ റേഞ്ച് ഐജി രൂപീന്ദർ സിങ്ങിന്‍റെ പേരിൽ വാട്‌സ്ആപ്പ് സന്ദേശം അയച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. മധ്യപ്രദേശിലെ ഭോപ്പാലിൽ താമസിക്കുന്നയാളെ ഭീഷണിപ്പെടുത്തിയ വേദാന്ത് സായി എന്ന യുവാവിനെയാണ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ മാർച്ച് 20ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അജ്‌മീർ റേഞ്ച് ഐജി രൂപീന്ദർ സിങ്ങിന്‍റെ ഇമെയിൽ ഐഡിയും ഫോൺ നമ്പറുകളും യുവാവ് ദുരുപയോഗം ചെയ്യുകയായിരുന്നു. വാട്‌സാപ്പിലൂടെ മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയായ ഹണി ചുഗ്ലാനിക്ക് പ്രതി സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി സന്ദേശം ലഭിച്ച് പരിഭ്രാന്തനായ ഹണി ചുഗ്ലാനി സിവിൽ ലൈൻ സ്‌റ്റേഷനിൽ പരാതി നൽകി.
ഐജിയുടെ നമ്പറും സന്ദേശം അയച്ച പ്രതികളുടെ നമ്പറും വ്യത്യസ്‌തമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മൊബൈൽ നമ്പറിന്‍റെയും ആധാർ കാർഡിന്‍റെയും അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഹൈദരാബാദിൽ നിന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
സംഭവത്തിൽ പ്രതിക്കെതിരെ ഐപിസി 419, ഐടി ആക്‌ടിലെ 66 ഡി - എന്നിവ പ്രകാരം കേസെടുത്തു. ഹണി ചുഗ്ലാനി തന്‍റെ സഹോദരിക്ക് സന്ദേശം അയച്ചിരുന്നു. ഇക്കാരണത്താലാണ് ഐജിയുടെ പേരിൽ ഹണി ചുഗ്ലാനിക്ക് വാട്‌സ്ആപ്പിൽ ഭീഷണി സന്ദേശം അയച്ചതെന്ന് പ്രതി വേദാന്ത് സായി പൊലീസിനോട് പറഞ്ഞു. എന്നാൽ ഇയാളുടെ ആരോപണം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സ്റ്റേഷൻ ഇൻചാർജ് ദൽബീർ സിങ് പറഞ്ഞു. ഇത്തരം തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ആവർത്തിക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ : സ്വകാര്യ വിവരങ്ങൾ മോഷ്‌ടിച്ച് വിൽപ്പന നടത്തുന്ന സംഘത്തെ സൈബറാബാദ് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. രാജ്യത്തുടനീളം കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഇവർ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നു എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ബാങ്കുകളുടെയും സിം കാർഡുകളുടെയും പേരിൽ സൈബർ കുറ്റവാളികൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു. സന്ദേശങ്ങൾ അയയ്ക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ലിങ്കിൽ കയറി വിവരങ്ങൾ നൽകുകയോ ചെയ്യുന്ന പക്ഷം ഉപയോക്താക്കൾ അവരുടെ എല്ലാ സ്വകാര്യ ഡാറ്റയും ഹാക്ക് ചെയ്യുന്നതാണ് തട്ടിപ്പിന്‍റെ രീതി. ഈ വർഷത്തെ ആദ്യ 20 ദിവസത്തെ കണക്കുകൾ പ്രകാരം 60 സൈബർ പരാതികൾ ലഭിച്ചതായി ഗുരുഗ്രാം പൊലീസ് അറിയിച്ചിരുന്നു.
മറ്റുള്ളവരുടെ നിർദേശ പ്രകാരം മൊബൈലിൽ ആവശ്യമില്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പാടില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന്‍റെ സാഹചര്യത്തിലാണ് പൊലീസ് നിർദേശം നൽകിയത്.
ലിങ്ക്‌ഡിന്‍ ആപ്പ്, ഫേസ്ബുക്ക് തുടങ്ങി വിവിധ സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിച്ചാണ് സൈബർ കുറ്റവാളികൾ ഇരയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത്. പിന്നീട് കെവൈസി അപ്ഡേറ്റ്, ആധാർ കാർഡ് അപ്‌ഡേറ്റ്, വൈദ്യുതി ബില്‍ എന്നിങ്ങനെ പല ആവശ്യങ്ങൾക്കായി സാങ്കേതിക പിന്തുണ നൽകാമെന്ന് പറഞ്ഞ് ഇരയെ വിളിക്കുന്നു. തുടർന്ന് പല ആപ്പുകളും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. തുടര്‍ന്ന് പണം കവരുന്നതുള്‍പ്പടെയുള്ള (ഫിഷിങ്) തട്ടിപ്പുകള്‍ നടത്തുന്നു. ഇത്തരത്തിൽ പല രീതിയിലും സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെ തുടർന്നാണ് പല തവണകളിലായി പൊലീസ് മുന്നറിയിപ്പ് നിർദേശങ്ങൾ നൽകുന്നത്.