നോയിഡ : ആളുകളില്ലാത്ത വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തി വന്നിരുന്ന നാലംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ സ്വദേശിയായ സിറാജുദ്ദീൻ എന്ന ശിവ ബംഗാളി (36), ഷാംലി ജില്ലയിലെ കൈരാന സ്വദേശിയായ ഷഹ്‌സാദ് എന്ന പഹൽവാൻ (32) എന്നിവരെയാണ് പിടികൂടിയത്. നാലംഗ സംഘത്തിലെ മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
അന്വേഷണം ഇങ്ങനെ : ജൂലൈ ആറിന് നഗരത്തിലെ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഒരു വീട്ടിൽ നിന്ന് 100-120 ഗ്രാം സ്വർണവും മറ്റ് ചില വിലപിടിപ്പുള്ള വസ്‌തുക്കളും മോഷണം പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. നോയിഡ, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ 1,200ലധികം സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്‌താണ് പ്രതികളെ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
പിടിയിലായത് സമ്പന്നർ താമസിക്കുന്ന സ്ഥലത്ത് കറങ്ങി നടക്കുന്നതിനിടെ : നോയിഡയിലെ സമ്പന്നരായ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളില്‍ കോട്ടും സ്യൂട്ടും ധരിച്ച് ഇയർഫോണും വച്ച് കറങ്ങി നടക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. പ്രദേശത്ത് കറങ്ങി നടന്ന് ആളുകളില്ലാത്ത വീടുകൾ നോക്കി വച്ചാണ് മോഷണത്തിന് സംഘം ഇറങ്ങിയിരുന്നത്. ഇവർക്കെതിരെ ഒന്നിലധികം മോഷണക്കേസുകൾ പല സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇവരിൽ നിന്ന് 5 ലക്ഷം രൂപ വില മതിക്കുന്ന 75 ഗ്രാം സ്വർണം കണ്ടെടുത്തിട്ടുണ്ട്. ഇത് മോഷണ മുതലാണെന്ന് അഡീഷണൽ ഡിസിപി (നോയിഡ) ശക്തി മോഹൻ അവസ്‌തി പറഞ്ഞു.
ആർക്കും സംശയം തോന്നാതിരിക്കാനാണ് പ്രതികൾ കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച് നടന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രധാന വാതിലിന്‍റെ പൂട്ട് തകർത്താണ് പ്രതികൾ മോഷണം നടത്തുന്നത്. വീട് കുത്തിത്തുറക്കാനും മറ്റുമായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരുടെ സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു. ലോക്കൽ സെക്‌ടർ 39ലെ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും തുടർ നിയമ നടപടികൾ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.