ബെംഗളൂരു: മംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് ബെലഗാവി വഴി കടത്തിയ 4.9 കിലോ സ്വർണം മോഷ്ടിച്ച കേസിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സിഐഡി നോട്ടീസ് നൽകി. മുൻ ബെലഗവി നോർത്ത് സോൺ ഐജി പി രാഘവേന്ദ്ര സുഹാസ്, മുൻ ഗോകക ഡിഎസ്പി ജാവേദ് ഇനാംദാർ, ഹുക്കേരി മുൻ സിപിഐ ഗുരുരാജ് കല്യാണശെട്ടി, യമകനമരടി മുൻ പിഎസ്ഐ രമേശ് പാട്ടീൽ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. മുൻ ഡിഎസ്പിയുടെ മകൻ കിരൺ വീരനഗൗഡർ ഇതിനകം സി.ബി.ഐയുടെ കസ്റ്റഡിയിലാണ്.
ഇത് സംബന്ധിച്ച വിവരം ഇങ്ങനെ
മംഗളൂരു സ്വദേശിയായ തിലക് പൂജാരിയെ 4.9 കിലോ സ്വർണം മുംബൈയിലേക്ക് കടത്തിയെന്നാരോപിച്ച് ജനുവരി ഒൻപതിനാണ് യമകനാമരടി പൊലീസ് പിടികൂടിയത്. തുടർന്ന് സ്വർണമടങ്ങിയ വാഹനം പൊലീസ് കസ്‌റ്റഡിയിലെടുത്തു. വാഹനം വിട്ടുകിട്ടുന്നതിനായി തിലക് മുൻ ഡിഎസ്പിയുടെ മകൻ കിരണിനെ സമീപിക്കുകയായിരുന്നു.
തിലകിൽ നിന്ന് 25 ലക്ഷം രൂപയും കിരൺ ഇതിനായി വാങ്ങിയിരുന്നു. എന്നാൽ, പിഴ അടച്ച് വാഹനം കോടതിയിൽ നിന്ന് വിട്ടയച്ചപ്പോൾ വാഹനത്തിന്‍റെ എയർബാഗിലൊളുപ്പിച്ച 4.9 കിലോ സ്വർണം കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് മുൻ ബെലഗാവി ഐജി പി രാഘവേന്ദ്ര സുഹാസിൽ തിലക് പൂജാരി പരാതിപ്പെട്ടു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് കാറിന്‍റെ എയർബാഗിലുണ്ടായിരുന്ന സ്വർണം കിരൺ വീരംഗൗഡറും ഗോകക ഡി.എസ്.പി ജാവേദ് ഇനാംദറും മോഷ്ടിച്ച് വിൽപ്പന നടത്തിയതായി തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞത്.