ചിത്രദുർഗ : നാലുവയസുള്ള മകനെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി യാത്ര ചെയ്‌ത യുവ സംരംഭക അറസ്‌റ്റിൽ. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകയും സിഇഒ യുമായ 39 വയസുകാരി സുചാന സേഥാണ് അറസ്‌റ്റിലായത്. മകന്‍റെ മൃതദേഹവുമായി ഗോവയിൽ നിന്ന് കർണാടകയിലേക്ക് ടാക്‌സി കാറിൽ യാത്രചെയ്യവെയാണ് ഇവർ പൊലീസിന്‍റെ പിടിയിലാകുന്നത്.
ശനിയാഴ്‌ചയാണ് നോർത്ത് ഗോവയിലെ കണ്ടോലിമിലെ സർവീസ് അപ്പാർട്ട്‌മെന്‍റിൽ സുചാനയും മകനും മുറിയെടുക്കുന്നത്. ഇവിടെവച്ചാണ് സുചാന മകനെ കൊലപ്പെടുത്തിയത്. ഇതിനുശേഷം തിങ്കളാഴ്‌ച പുലര്‍ച്ചെ മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
യുവതിയുടെ ആവശ്യപ്രകാരം അപാര്‍ട്ട്മെന്‍റ് ജീവനക്കാരാണ് വാഹനം ഏര്‍പ്പാടാക്കി നല്‍കിയത്. കുറഞ്ഞ ചെലവിൽ വിമാനത്തിൽ പോകാമെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചിട്ടും ടാക്‌സി തന്നെ വേണമെന്ന് യുവതി നിര്‍ബന്ധം പിടിച്ചു. തുടർന്നാണ് ജീവനക്കാർ ടാക്‌സി സംഘടിപ്പിച്ച് നൽകിയത്.
യുവതി ചെക് ഔട്ട് ചെയ്‌തശേഷം ഇവർ താമസിച്ച മുറി വൃത്തിയാക്കുന്നതിനിടെ അപാര്‍ട്ട്മെന്‍റ് ജീവനക്കാരിലൊരാള്‍ ചോരക്കറ കണ്ടെത്തിയതാണ് നിർണായകമായത്. തുടര്‍ന്ന് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. ഗോവ പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തി.
ഇതോടെ യുവതി ബെംഗളൂരുവിലേക്ക് തിരിച്ച ടാക്‌സി ഡ്രൈവറെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. മകനെ ഗോവയിലെ സുഹൃത്തിന്‍റെ അടുത്താക്കിയെന്ന് യുവതി അറിയിച്ചെങ്കിലും ഇത് കള്ളമാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ വീണ്ടും ഡ്രൈവറെ വിളിച്ച പൊലീസ് ഏറ്റവും അടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് യുവതിയെ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
Also Read:അമ്മയുടെ കൈ രണ്ടും തല്ലിയൊടിച്ച് മകന്‍; കാരണം കേട്ട് ഞെട്ടി നാട്ടുകാരും പൊലീസും
പൊലീസിന്‍റെ നിർദേശം ലഭിച്ചയുടൻ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഐമംഗല സ്‌റ്റേഷനിലേക്ക് ഡ്രൈവർ വണ്ടിയെത്തിച്ചു. ഇവിടെവച്ച് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നാല് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ യുവതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചിത്രദുര്‍ഗ കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് റിമാന്‍ഡ് വാങ്ങി യുവതിയെ ഉടന്‍ ഗോവയിലേക്ക് കൊണ്ടുപോകും.