ഡെറാഡൂൺ: പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വാഹനാപകടത്തിൽ പരിക്കേറ്റ കോൺസ്റ്റബിൾ മരിച്ചു. പൊലീസ് കോൺസ്റ്റബിളായ രാകേഷ് റാഥോറാണ് മരിച്ചത്. ഉത്തരാഖണ്ഡിൽ ഞായറാഴ്‌ച രാത്രിയാണ് സംഭവം.
ഡെറാഡൂൺ പൊലീസ് ലൈനിലെ കോൺസ്റ്റബിൾ രാകേഷ് റാഥോർ ഹരിദ്വാറിൽ നിന്ന് ഡെറാഡൂണിലേക്ക് ബൈക്കിൽ വരുമ്പോൾ ഹരാവാലയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിലിടിക്കുകയായിരുന്നു. അപകടത്തിൽ രാകേഷിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് വിവരം ലഭിച്ച ചീറ്റ പൊലീസ് സംഭവസ്ഥലത്തെത്തി ആംബുലൻസിനെ വിളിച്ച് കാത്തു നിന്നു. എന്നാല്‍ പൊലീസ് വാഹനത്തിലോ എത്തിക്കാനോ മറ്റു വാഹനങ്ങളുടെ സഹായം തേടാനോ തയ്യാറായില്ല.
പൊലീസ് കോൺസ്റ്റബിളിന്‍റെ അപകട മരണം; ആശുപത്രിയിൽ എത്തിക്കാതെ വീഡിയോ പകർത്തി പൊലീസ് ഉദ്യോഗസ്ഥർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാകേഷ് റോഡിൽ കിടന്ന് വേദന സഹിക്കാൻ കഴിയാതെ കരയുകയും എഴുന്നേൽക്കാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ ഇത് കണ്ടുനിന്ന പൊലീസ് രാകേഷിനെ എഴുന്നേല്‍ക്കാൻ സഹായിക്കാനോ വെള്ളം നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ല. പകരം ദൃശ്യം ഫോൺ കാമറയിൽ പകർത്തുകയായിരുന്നു. ഒടുവില്‍ ആംബുലൻസ് എത്തി രാകേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് ഉദ്യോഗസ്ഥർ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡെറാഡൂൺ എസ്എസ്‌പി ജൻമയ്‌ജയ് ഖണ്ഡൂരി സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ നടപടി എടുക്കുമെന്ന് ഡിജിപി അശോക് കുമാർ അറിയിച്ചു.