മികച്ച ഡോക്യുമെന്‍ററിക്കുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ ദ എലിഫന്‍റ് വിസ്‌പറേഴ്‌സിന്‍റെ സംവിധായിക കാർത്തികി ഗോൺസാൽവസിന് രണ്ട് കോടി രൂപയുടെ വക്കീൽ നോട്ടിസ്. ഡോക്യുമെന്‍ററിയുടെ ഭാഗമായ ബൊമ്മൻ-ബെല്ലി ദമ്പതികളാണ് സംവിധായികയ്‌ക്ക് വക്കീൽ നോട്ടിസ് അയച്ചത്. ഡോക്യുമെന്‍ററി ചിത്രീകരണത്തിന്‍റെ ഭാഗമായി വീട്, വാഹനം, കൊച്ചുമകളുടെ വിദ്യാഭ്യാസത്തിന് സഹായം, ഡോക്യുമെന്‍ററിയിൽ അഭിനയിച്ചതിന് പ്രത്യേക തുക എന്നിവ കാർത്തികി വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും വാക്ക് പാലിച്ചില്ലെന്നാണ് ദമ്പതികളുടെ ആരോപണം.
ഓസ്‌കർ ലഭിച്ചതിന് ശേഷം കാർത്തികി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനിൽ നിന്നും പാരിതോഷികം സ്വീകരിച്ചതായും ദമ്പതികൾ പറഞ്ഞു. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ നേരിട്ട് പ്രതികരിക്കുന്നില്ലെന്നും ആവശ്യമെങ്കിൽ അഭിഭാഷകനെ ബന്ധപ്പെടാമെന്നുമാണ് ബൊമ്മൻ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് താര ദമ്പതികൾ സംവിധായിക കാർത്തികി ഗോൺസാൽവസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
സംവിധായികക്കെതിരെ ഗുരുതര ആരോപണം :ഡോക്യുമെന്‍ററി ചിത്രീകരണ വേളയിൽ സംവിധായിക തങ്ങളിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ ഇത്രയും നാളായിട്ടും മടക്കി തന്നില്ലെന്നുമായിരുന്നു ആരോപണം. ചിത്രീകരണ സമയത്ത് തങ്ങളോട് നല്ല സമീപനവും അടുപ്പവും പുലർത്തിയിരുന്ന കാർത്തികി ഓസ്‌കർ ലഭിച്ചതോടെ മറ്റൊരാളായി മാറിയെന്നും തങ്ങളെ അവഗണിക്കുന്നതായും ദമ്പതികൾ ഒരു അഭിമുഖത്തിലൂടെ ആരോപിക്കുകയായിരുന്നു.