ഹൈദരാബാദ്: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. സര്‍ക്കാരിന്‍റെ 'മെയ്‌ക്ക് ഇന്‍ ഇന്ത്യ' നയം, എല്‍ഐസി ഓഹരി വില്‍പ്പന തുടങ്ങിയ പദ്ധതികള്‍ക്കെതിരെയായിരുന്നു കെസിആറിന്‍റെ കടന്നാക്രമണം. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കപ്പെട്ടാല്‍ മറ്റ് വ്യവസായങ്ങള്‍ വളര്‍ന്നുവരികയില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജഗ്‌തിയാൽ നഗരത്തിലെ കലക്‌ട്രേറ്റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മെയ്‌ക്ക് ഇന്‍ ഇന്ത്യ' നയത്തെക്കുറിച്ച് ബിജെപി സര്‍ക്കാര്‍ അഭിമാനപൂര്‍വം സംസാരിക്കുമ്പോള്‍ ഷേവ് ചെയ്യാനുപയോഗിക്കുന്ന ബ്ലേയ്‌ഡ്, ദീപാവലിയ്‌ക്ക് ഉപയോഗിക്കുന്ന പടക്കങ്ങള്‍, പട്ടത്തിന് വേണ്ടിയുള്ള മഞ്ച ചരട്, ഇന്ത്യയുടെ ദേശീയ പതാക പോലും ഇപ്പോഴും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'മെയ്‌ക്ക് ഇന്‍ ഇന്ത്യ'യെ വെറുതെ വിട്ടേക്കൂ, ഇന്ന് എല്ലാ നഗരങ്ങളിലും ചൈനയുടെ വിപണിയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
ഏത് മേഖലയിലാണ് പുരോഗതി?:'ടിആര്‍എസ് തെലങ്കാനയില്‍ അധികാരത്തിലേറിയപ്പോഴാണ് നരേന്ദ്ര മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായത്. എന്തെങ്കിലും ഒരു നല്ല കാര്യം അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്‌തിട്ടുണ്ടോ?. ജലസേചനം, വൈദ്യുതി, കുടിവെള്ളം, അങ്ങനെ ഏത് മേഖലയിലാണ് പുരോഗതി ഉണ്ടായതെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു'.
'പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‍കുവാന്‍ അദ്ദേഹത്തിന് സാമര്‍ഥ്യമുണ്ട്. എന്താണ് 'മെയ്‌ക്ക് ഇന്‍ ഇന്ത്യ'? വ്യവസായം ഉണ്ടാകുമോ? ദീപാവലിയ്‌ക്ക് കുട്ടികള്‍ ഉപയോഗിക്കുന്ന പടക്കം പോലും ചൈനയില്‍ നിന്നാണ് വരുന്നത്. ഇതാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യ, കെസിആര്‍ വിമര്‍ശിച്ചു.
പുതിയ വ്യവസായം ഒരിക്കലും വരാന്‍ പോകുന്നില്ല. ബിജെപി പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നു. കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക വിളകളില്‍ മൊത്തം അധികാരം കൊടുക്കുന്ന 'റെവ്‌ഡി കള്‍ച്ചര്‍' പദ്ധതിയെക്കുറിച്ച് ബിജെപി സംസാരിക്കുന്നു. എന്നാല്‍, പ്രവര്‍ത്തനരഹിതമായ ആസ്‌തികള്‍ എന്ന പേരില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 14 ലക്ഷം കോടി രൂപയുടെ പൊതു ആസ്‌തിയാണ് സര്‍ക്കാര്‍ വിറ്റഴിച്ചത്.
എല്‍ഐസി സ്വകാര്യവത്‌കരിക്കുന്നത് എതിര്‍ക്കുക:25 ലക്ഷം ഏജന്‍റുമാരും ലക്ഷക്കണക്കിന് ജീവനക്കാരും വന്‍ ആസ്‌തികളുമുള്ള ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയെ സ്വകാര്യവത്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് രാജ്യത്തെ യുവാക്കളും എല്‍ഐസി ഏജന്‍റുമാരും എതിര്‍ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൂടാതെ, കോടിക്കണക്കിന് രൂപയുെടെ വൈദ്യുതി മേഖല ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുന്ന മുതലാളിമാര്‍ക്ക് കൈമാറുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇത് തുടര്‍ന്നാല്‍ രാജ്യത്തെ ജനക്ഷേമത്തിന് കോട്ടം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'സബ് കാ സാത്ത്, സബ് കാ വികസ്'( ഒരുമിച്ച് നിന്ന് എല്ലാവര്‍ക്കും വികസനം) എന്നത് ശുദ്ധ മണ്ടത്തരമാണ്. എന്തെങ്കിലും വികസനം ഉണ്ടായോ?. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന പദ്ധതിയുടെ പേരില്‍ അങ്കണവാടികള്‍ക്കായുള്ള ഫണ്ടുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു. ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യയില്‍ പീഡനമോ ദലിതര്‍ക്കെതിരായ ആക്രമണമോ നടക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല.
വ്യവസായങ്ങളുടെ അധഃപതനം: രാജ്യത്തിന്‍റെ ഏത് നഗരങ്ങളിലും സംവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറായതിന്‍റെ ഭാഗമായി രാജ്യത്തെ 10,000 വ്യവസായങ്ങളാണ് അടച്ചുപൂട്ടിയത്. 50 ലക്ഷത്തില്‍പരം ഫാക്‌ടറി ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ നഷ്‌ടമായി. കസേര, സോഫ, ബ്ലെയ്‌ഡ് തുടങ്ങിയ ചൈനയുടെ വസ്‌തുക്കള്‍ വില്‍ക്കുവാന്‍ ഓരോ നഗരത്തിലും ചെറിയ ബസാറുകള്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്രം പ്രോത്സാഹിപ്പിക്കുകയാണ്.
നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ വൈദ്യുതിയ്‌ക്ക് ക്ഷാമം നേരിടുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും ഡല്‍ഹിയില്‍ ഇപ്പോഴും കുടിവെള്ള പ്രശ്‌നം നിലനില്‍ക്കുകയാണ്. ഈ അവസരത്തില്‍ ജക്‌തിയാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌ത ഹനുമാന്‍ ക്ഷേത്രത്തിന്‍റെ വികസനത്തിനായി 100 കോടി രൂപ കെസിആര്‍ വാഗ്‌ദാനം ചെയ്‌തു. കര്‍ഷകരെ പിന്തുണയ്‌ക്കുവാനായുള്ള റായിത്തു ബസാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതിയെക്കുറിച്ചും അടുത്ത 10 ദിവസത്തിനുള്ളില്‍ അദ്ദേഹം പ്രഖ്യാപിക്കും.