കാമറെഡ്ഡി (തെലങ്കാന) : ഓരോ ദിവസവും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുമ്പോൾ കഴിഞ്ഞ 40 വർഷമായി ഒരു പൊലീസ് കേസ് പോലും രജിസ്റ്റർ ചെയ്യപ്പെടാത്ത ഗ്രാമമുണ്ട് ഇന്ത്യയിൽ. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ റ്യാഗട്ട്‌ലപ്പള്ളി ഗ്രാമത്തിലാണ് നാല് പതിറ്റാണ്ടിലേറെയായി യാതൊരു കേസുകളും റിപ്പോർട്ട് ചെയ്യാത്തത്.
കാമറെഡ്ഡി, മേധക് ജില്ലകളുടെ അതിർത്തിയിലുള്ള റ്യാഗട്ട്‌ലപ്പള്ളി ഗ്രാമത്തിൽ നിന്നും ജനങ്ങളാരും പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് വരാറില്ലെന്ന് ഭിക്കനൂർ എസ്ഐ ആനന്ദ് ഗൗഡ് പറയുന്നു. ഈ വർഷം സ്വാതന്ത്ര്യദിനത്തിൽ ഗ്രാമത്തെ പരാതികളില്ലാത്ത ഗ്രാമമായി ജില്ല ജഡ്‌ജി പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്‌ച (സെപ്റ്റംബർ 27) ഔദ്യോഗിക രേഖകൾ ജഡ്‌ജി ഗ്രാമത്തിലെ അധികാരികൾക്ക് കൈമാറി.
180 വീടുകളിലായി 930 ആളുകളുള്ള ഗ്രാമത്തില്‍ എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിയുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന ആളുകൾ ഇവിടെയുണ്ടെങ്കിലും അവരാരും സ്‌പർധയോടെ ഇടപെടുന്നില്ല. ഗ്രാമത്തിന്‍റെ വികസനത്തിനായാണ് ഓരോരുത്തരും പ്രവർത്തിക്കുന്നത്.
ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ഒരു അനധികൃത മദ്യശാല 12 വർഷം മുൻപ് അടച്ചുപൂട്ടി. ഗ്രാമവാസികൾ ആരെങ്കിലും മദ്യം വിൽക്കുന്നത് കണ്ടാൽ 5,000 രൂപ പിഴ ചുമത്തും. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് ഗ്രാമത്തിലെ മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്‌ത് ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തും. കേസ് കൊടുക്കുന്നതിലേക്ക് പ്രശ്‌നങ്ങളെ എത്തിക്കാതെ പരാതികൾ പരിഹരിക്കും.
വയോജനങ്ങൾക്കായി 63 അംഗങ്ങളുടെ കൂട്ടായ്‌മയും ഗ്രാമത്തിലുണ്ട്. വയോജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും പരിഹരിക്കുകയുമാണ് ഈ കൂട്ടായ്‌മ ചെയ്യുന്നത്. ഇതിലെ അംഗങ്ങൾ വീടുകൾ തോറും നടന്ന് വയോജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അന്വേഷിക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്‌തുവരുന്നു.