ഹൈദരാബാദ്:സീനിയര്‍ വിദ്യാര്‍ഥിയുടെ പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. നൈസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പിജി മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരുന്ന പ്രീതി ധാരാവത്ത് (26) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 22ന് ആത്മഹത്യക്ക് ശ്രമിച്ച പ്രീതി ഏറെ നാളായി ചികിത്സയിലായിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പ്രതിയെ ഇതിനോടകം തന്നെ പിടികൂടാന്‍ സാധിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സര്‍ക്കാര്‍ 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രീതിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും മന്ത്രി എറബെല്ലി ദയാകർ റാവു അറിയിച്ചു.
തെലങ്കാന ആരോഗ്യ മന്ത്രി ഹരീഷ് റാവുവും മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. യുവതിയുടെ മരണത്തിന് പിന്നാലെ ഇവരുടെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് ഇന്നലെ രാത്രിയോടെ പ്രതിഷേധം നടത്തി. തുടര്‍ന്ന്, പ്രീതിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വാറങ്കലിലേക്ക് കൊണ്ട് പോയി.
പ്രതിയായ സീനിയര്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ ഡിസംബര്‍ 24ന് തന്നെ പിടികൂടിയിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സിറ്റിങ് ജഡ്‌ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.