ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ ഹൈക്കോടതി തള്ളി - ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ ബിജെപി നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.
ഹൈദരാബാദ്:ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഗുണനത്തിന് പകരം മറ്റ് അടയാളം രേഖപ്പെടുത്തിയാലും വോട്ടായി പരിഗണിക്കാമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ തള്ളി തെലങ്കാന ഹൈക്കോടതി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ ബിജെപി നൽകിയ ഹർജിയിലാണ് കോടതി തീരുമാനം. വ്യത്യസ്തമായി അടയാളപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ പ്രത്യേകം എണ്ണണമെന്നും ഭൂരിപക്ഷത്തെക്കാൾ കുറവാണെങ്കിൽ കമ്മീഷന് ഫലം പ്രഖ്യാപിക്കാമെന്നും അഥവാ പ്രത്യേകം എണ്ണുന്ന ബാലറ്റ് പേപ്പറുകൾ ഭൂരിപക്ഷത്തെക്കാൾ കൂടുതലാണെങ്കിൽ വിഷയം കോടതി ചർച്ച ചെയ്യുമെന്നും ഹൈക്കോടതി അറിയിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം പല പോളിങ് സ്റ്റേഷനിലെ പോളിങ് ഓഫീസർമാർ വ്യത്യസ്ത അടയാളം രേഖപ്പെടുത്താൻ അനുവദിച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.
വോട്ടർ കൃത്യമായി സ്ഥാനാർഥിക്ക് നേരെ ഏതെങ്കിലും ചിഹ്നം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വോട്ടായി എണ്ണാമെന്നും 2005ലെ തെരഞ്ഞെടുപ്പ് നിയമം 15(എച്ച്) പ്രകാരം അത് തെരഞ്ഞെടുപ്പ് ഓഫീസറിൻ്റെ പിഴവാണെന്നും കമ്മീഷൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
അതെസമയം കമ്മീഷൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസും രംഗത്ത് വന്നിരുന്നു. പിഴവ് സംഭവിച്ചെങ്കിൽ അത് രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധയിൽ കൊണ്ടുവരാമായിരുന്നുവെന്നും നടപടി ക്രമവിരുദ്ധമാണെന്നും ടിപിസിസി തെരഞ്ഞെടുപ്പ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ ജി.നിരഞ്ജൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ സി.പാർത്ഥസാരഥിക്ക് അയച്ച കത്തിൽ പറഞ്ഞു.